ഇദ്ദത് കാലത്ത് ബുഷ്‌റ ബീബിയെ വിവാഹം കഴിച്ചു; ഇമ്രാൻ ഖാന് ഇസ്ലാമാബാദ് കോടതിയുടെ സമൻസ്

ഇമ്രാൻ ഖാന് ഇസ്ലാമാബാദ് കോടതിയുടെ സമൻസ്. ഇമ്രാൻ ഖാന്റെ മൂന്നാം വിവാഹവുമായി ബന്ധപ്പെട്ട കേസിലാണ് ഇമ്രാനോട് കോടതിയിൽ ഹാജരാകാൻ ഉത്തരവിട്ടത്. തന്റെ ഭാര്യ ബുഷ്റ ബീബിയെ ഇസ്ലാമിക നിയമത്തിന് വിരുദ്ധമായ രീതിയിൽ വിവാഹം കഴിച്ചെന്നാണ് കേസ്. കേസിന്റെ വിചാരണക്കായി സെപ്തംബർ 25 ന് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.സിവിൽ ജഡ്ജി ഖുദ്രത്തുള്ളയാണ് അറ്റോക്ക് ജയിൽ സൂപ്രണ്ടിന് കോടതി ഉത്തരവ് നൽകിയത്. ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഹിയറിംഗിന് പറഞ്ഞ തീയതിയിൽ ഹാജരാകുന്നുവെന്ന് ഉറപ്പാക്കാനും സൂപ്രണ്ടിനോട് ഉത്തരവിൽ ഖുദ്രത്തുള്ള നിർദ്ദേശിച്ചിട്ടുണ്ട്. അടുത്തയാഴ്ച കോടതിയിൽ പരിശോധിക്കുന്ന കേസിന്റെ വാദങ്ങൾ തയ്യാറാക്കാനും ഖാന്റെ അഭിഭാഷകനോട് ജഡ്ജി ആവശ്യപ്പെട്ടു.
ജൂലായ് 18നാണ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഒമ്പത് പേജുള്ള വിധി പുറപ്പെടുവിച്ചത്. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ പാകിസ്താൻ പീനൽ കോഡിന്റെ സെക്ഷൻ 496 പ്രകാരം കുറ്റകരമല്ലെന്നാണ് ഖാൻ തന്റെ ഹർജിയിൽ പറയുന്നത്. ഇപ്രകാരം വിചാരണ തുടരുന്നത് നിയമ പ്രക്രിയയുടെ ദുരുപയോഗത്തിന് കാരണമാകുമെന്നും ഹർജിയിൽ പറയുന്നു. എന്നാൽ ട്രയൽ കോടതിയുടെ ഉത്തരവിനെ ഖാൻ ചോദ്യം ചെയ്തതിനെ തുടർന്നാണ് കോടതി സമൻസ് അയച്ചത്. ഇമ്രാനോടും ഭാര്യയോടും കോടതിയിൽ ഹാജരാകാനും ജഡ്ജി നിർദ്ദേശിച്ചു , ഇമ്രാന്‍ ഖാന്റെ മൂന്നാമത്തെ വിവാഹമാണിത്.ജെമൈമ ഗോല്‍ഡ് സ്മിത്തിനെയാണ് ഇദ്ദേഹം ആദ്യം വിവാഹം ചെയ്തത്. പിന്നീട് ഇരുവരും വിവാഹമോചിതരാകുകയും ചെയ്തു. ശേഷം ടിവി അവതാരകയായ റെഹാം നയ്യാര്‍ ഖാനെ വിവാഹം കഴിച്ചു. എന്നാല്‍ ഈ ബന്ധവും അധികനാള്‍ നിലനിന്നില്ല. വിവാഹമോചനത്തിലൂടെ ഇരുവരും പിരിയുകയായിരുന്നു..ഇമ്രാന്‍ ഖാന്റെയും ബുഷ്‌റ ബീബിയുടെയും വിവാഹം ഇസ്ലാമിക ശരിയത്ത് നിയമപ്രകാരമല്ല നടത്തിയതെന്നാണ് കേസ്. 2018 ജനുവരി ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം. ഇവരുടെ വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ച പുരോഹിതനായ മുഹ്തി മുഹമ്മദ് സയിദാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇമ്രാനെതിരെ നിയമനടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. മുഹമ്മദ് ഹനീഫാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. ഇമ്രാന്‍ തന്റെ മൂന്നാം ഭാര്യയായ ബീബിയുടെ ഇദ്ദത് കാലഘട്ടത്തിലാണ് വിവാഹം കഴിച്ചതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മാസമാണ് ഇദ്ദത് കാലഘട്ടം. ഇസ്ലാമിക സമ്പ്രദായ പ്രകാരം ഭര്‍ത്താവിന്റെ മരണ ശേഷമോ വിവാഹം വേര്‍പ്പെടുത്തിയ ശേഷമോ മുസ്ലീം സ്ത്രീകള്‍ ആചരിക്കേണ്ട കാത്തിരിപ്പ് കാലഘട്ടമാണ് ഇദ്ദത് കാലം.