യു പി ഐ ഉൾപ്പെടെ എല്ലാ പണമിടപാടും ഇനി വാട്ട്സ്ആപ്പ് വഴി നടത്താം : അപ്ഡേറ്റ് അവതരിപ്പിച്ച് മെറ്റ

വാട്ട്സാപ്പിൽ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ച് മെറ്റ. പുതിയ അപ്ഡേറ്റ് പ്രകാരം ഇനി മുതൽ ഇന്ത്യയിലെ വാട്ട്സ്ആപ്പ് ഉപഭോക്താക്കൾക്ക് വാട്സാപ്പ് വഴി പണമയക്കാം. നേരത്തെ തന്നെ വാട്ട്സാപ്പിൽ പേയ്‌മെന്റ് സംവിധാനം നിലവിലുണ്ടെങ്കിലും ഇപ്പോഴവതരിപ്പിച്ചിരിക്കുന്ന പുതിയ അപ്ഡേറ്റിലൂടെ വാട്ട്സ്ആപ്പ് ബിസിനസ്സ് അക്കൗണ്ട് വഴി നൽകുന്ന സേവങ്ങൾക്കുള്ള തുക വാട്ട്സ്ആപ്പ് ചാറ്റ് വഴി തന്നെ സ്വീകരിക്കാൻ സാധിക്കും. രാജ്യത്ത് നിന്നുള്ള വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് കമ്പനി ഈ അപ്ഡേറ്റ് രാജ്യത്ത് അവതരിപ്പിച്ചിട്ടുള്ളത്.

യുപിഐ ഇടപാടിന് പുറമെ പേയു, റേസർ പേ എന്നിവയുമായി സഹകരിച്ച് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, നേടി ബാങ്കിങ് എന്നിവ ഉപയോഗിച്ച് ഇടപാടുകൾ നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. എല്ലാ യു പി ഐ ആപ്പുകൾ ഉപയോഗിച്ചും വാട്ട്സാപ്പിലൂടെ പണമിടപാടുകൾ നടത്താൻ സാധിക്കും.

വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക് അകൗണ്ടുകൾ ഉള്ള വാണിജ്യ സ്‌ഥാപനങ്ങൾക്ക് വെരിഫൈഡ് അക്കൗണ്ട് നൽകുമെന്ന് മെറ്റ അറിയിച്ചിട്ടുണ്ട്. വാണിജ്യ സ്ഥാപനങ്ങൾ എളുപ്പത്തിൽ കണ്ടെത്താനും വ്യാജ അക്കൗണ്ടുകൾ തടയാനും ഇത് സഹായകമാവും എന്നാണ് കരുതുന്നത്. ഈയടുത്താണ് വാട്ട്സാപ്പിൽ പുതിയ ഫീച്ചർ ആയ ചാനൽ മെറ്റ അവതരിപ്പിച്ചത്. അത് വൻ ഹിറ്റായിരുന്നു.