വനിതാ സംവരണ ബിൽ ലോക്സഭയിൽ പാസായി; 454 എംപിമാർ ബില്ലിനെ അനുകൂലിച്ചു

ന്യൂഡൽഹി: വനിതാ സംവരണ ബിൽ ലോക്സഭയിൽ പാസായി. 454 എംപിമാർ ബില്ലിനെ അനുകൂലിച്ചു. രണ്ട് എംപിമാർ ബില്ലിനെ എതിർത്തു. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും മൊത്തം സീറ്റുകളുടെ മൂന്നിലൊന്ന് (33 ശതമാനം) വനിതകൾക്ക് സംവരണം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലാണിത്.

കേന്ദ്ര നിയമമന്ത്രി അർജുൻ മേഘ്വാൾ ചൊവ്വാഴ്ചയാണ് ലോക്‌സഭയിൽ അവതരിപ്പിച്ചത്. ചർച്ചകൾക്കൊടുവിൽ ഇന്ന് ബിൽ പാസാക്കുകയായിരുന്നു. വ്യാഴാഴ്ച ബിൽ രാജ്യസഭയിൽ അവതരിപ്പിക്കും. നാരിശക്തീ വന്ദൻ എന്ന പേരിൽ അവതരിപ്പിച്ച ബിൽ ലോക്‌സഭയിലും നിയമസഭയിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ലക്ഷ്യംവെയ്ക്കുന്നുണ്ട്.

128-ാം ഭരണഘടനാ ഭേദഗതിയായാണ് കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്വാൾ ബിൽ അവതരിപ്പിച്ചത്. വനിതാ സംവരണം നിലവിൽ വന്നാൽ ലോക്‌സഭയിലെ വനിതാ എം.പിമാരുടെ എണ്ണം 82ൽ നിന്ന് 181 ആയി ഉയരുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ബില്ലിന് അംഗീകാരം നൽകിയത്.

അതേസമയം, 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാകില്ല. മണ്ഡല പുനനിർണയത്തിന് ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് ബില്ലിലെ വ്യവസ്ഥ. അതേസമയം രാജ്യസഭയിലും സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിലുകളിലും വനിതാ സംവരണം ഉണ്ടാകില്ല.