സെപ്റ്റം​ബർ 21, ലോക മറവിരോ​ഗദിനം.

മരണത്തിന് മാത്രമേ ഓർമ്മകളെ നശിപ്പിക്കാനാവുകയുള്ളു എന്ന് നമ്മൾ പറയാറുണ്ട്, ഈ ഓർമ്മകൾ ഒന്ന് മറന്നുപോയെങ്കിൽ എന്ന് നമ്മളിൽ പലരും ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുമുണ്ടാകും , പക്ഷെ ഓർമ്മകളില്ലാത്ത അവസ്ഥയെപ്പറ്റി, ഓർമ്മകളില്ലാത്ത ജീവിതത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ, മരണത്തേക്കാൾ കഠിനമാണ് ഓർമ്മകളില്ലാത്ത ജീവിതം. ഇന്ന് സെപ്റ്റംബർ 21 ലോക അൽഷിമേഴ്‌സ് ദിനം. 1906 ൽ അലോയിസ് അൽഷിമേഴ്‌സ് എന്ന ജർമ്മൻ സൈക്യാർട്ടിസ്റ് മാനസികരോഗ ലക്ഷണങ്ങളുമായി മരണപ്പെട്ട ഒരു സ്ത്രീയുടെ തലച്ചോറിൽ ചില വ്യത്യാസങ്ങൾ കണ്ടെത്തി. അവിടെ നിന്നാണ് അൽഷിമേഴ്‌സ് എന്ന രോഗത്തിന്റെ കൃത്യമായ ചരിത്രം തുടങ്ങുന്നത്.

തലച്ചോറിന്റെ സങ്കീർണമായ പ്രവർത്തനങ്ങൾ നശിക്കുന്ന ഡിമെൻഷ്യ എന്ന വിഭാഗത്തിൽ പെട്ട രോഗമാണ് അൽഷിമേഴ്‌സ് രോഗം. ലോകത്ത് 50 ദശലക്ഷം ആളുകക്ക് ഡിമെൻഷ്യ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്, അതിൽ ഇന്ത്യയുടെ കണക്ക് 4 ദശലക്ഷത്തിനടുത്ത് വരും. ഇന്ന് കേരളത്തിൽ 2 ലക്ഷത്തിലധികം മറവിരോഗ ബാധിതരുണ്ട്. തലച്ചോറിന്റെ തകരാറുമൂലം ഉണ്ടാകുന്ന ബുദ്ധിമാദ്ധ്യം എന്ന് ഈ രോഗാവസ്ഥയെ പൊതുവെ വിളിക്കാം. ഡിമെൻഷ്യ വിഭാഗത്തിൽ പെടുന്ന ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗമാണ് അൽഷിമേഴ്‌സ്.

പ്രായമേറി വരുമ്പോൾ മസ്തിഷ്കത്തിൽ ഉണ്ടാകുന്ന ഘടനാപരമോ രാസപരമോ ആയ പ്രവർത്തനത്തെ സംബന്ധിച്ച തകരാറോ മസ്തിഷ്ക ധർമ്മത്തെ ബാധിക്കുന്ന ശാരീരിക, മാനസിക പ്രവർത്തനങ്ങളുടെ തകരാറോ മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. പതിയെ പതിയെ ദൈനംദിന കാര്യങ്ങൾപോലും മറന്നുപോവുക എന്നതാണ് ഇതിന്റെ ആദ്യ ലക്ഷണം. തീയതികൾ മറന്നുപോവുക, സംസാരിക്കുന്നതിനിടയിൽ വാക്കുകൾ കിട്ടാതെയാവുക, പേരുകൾ മറന്നുപോവുക, നന്നായി പരിചയമുള്ള വഴികൾപോലും മറന്നുപോവുക തുടങ്ങിയവയാണ് മറ്റു ആദ്യകാല ലക്ഷണങ്ങൾ. പതിയെ ഇത് തലച്ചോറിന്റെ മറ്റുഭാഗങ്ങളിലും ബാധിക്കാൻ തുടങ്ങും അതോടെ അൽഷിമേഴ്‌സ് എന്ന അവസ്ഥ കൂടുതൽ സങ്കീർണമാകുന്നു.

സംഭാഷണങ്ങൾക്കിടയിൽ ഒരു കാര്യം തന്നെ പലതവണ പറയുന്നു, തന്റെ ആവശ്യങ്ങൾ കൃത്യമായി പറയാൻ കഴിയാതെയാകുന്നു, പാചകം പോലെയുള്ള കാര്യങ്ങൾ ചെയ്യാൻകഴിയാതെയാകുന്നു, തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് പതിയെ പതിയെ നഷ്ടമാകുന്നു, സ്വന്തമായി ആഹാരം കഴിക്കാനുള്ള കഴിവ് പോലും നഷ്ടമാകുന്ന അവസ്ഥയിലേക്ക് രോഗി ചെന്നെത്തുന്നു. ഉറക്ക കുറവ്, എപ്പോഴുമുള്ള അനാവശ്യമായ ഭയം, മറ്റുള്ളവരെ സംശയിക്കുക്ക, ദേഷ്യം, പെട്ടന്ന് സങ്കടം വരികയും കരയുകയും ചെയ്യുക തുടങ്ങിയ രോഗിയെ ഏറെ ബുദ്ധിമുട്ടിപ്പിക്കുന്ന മാനസിക രോഗ ലക്ഷണങ്ങളും ഈ അവസ്ഥയുടെ ലക്ഷണങ്ങളായി കണ്ടുവരാറുണ്ട്.

പ്രായം തന്നെയാണ് ഈ അവസ്ഥയുടെ രോഗ സാധ്യതയിലെ ഒന്നാമത് നിൽക്കുന്ന ഘടകം. 65 വയസ്‌കഴിഞ്ഞാൽ രോഗസാധ്യത വളരെ കൂടുതലാണ്. പുരുഷന്മാരെക്കാളും സ്ത്രീകളിലാണ് അൽഷിമേഴ്‌സ് വരാനുള്ള സാധ്യത ഏറെയുള്ളത്. വളരെ ചെറിയൊരു ശതമാനം മാത്രം ഇത് പാരമ്പര്യമായും വരാം. അതുകൊണ്ട് തന്നെ നേരത്തെയുള്ള രോഗനിർണ്ണയം പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. മെമ്മറി ടെസ്റ്റുകൾ, സി റ്റി സ്കാൻ, ബ്ലഡ് ടെസ്റ്റ് തുടങ്ങിയ പരിശോധനകളിലൂടെയാണ് രോഗ നിർണയം നടത്തുന്നത്. പൂർണ്ണമായ് രോഗം മാറ്റാനുള്ള ചികിത്സാരീതികളൊന്നും തന്നെ നിലവിലില്ല. രോഗത്തിന്റെ നിലവിലെ അവസ്ഥയെ പരമാവധി നിയന്ത്രിക്കാൻ മാത്രമേ മരുന്നുകൾകൊണ്ട് സാധിക്കുകയുള്ളു.

അമിലോയിഡ് കണങ്ങൾ തലച്ചോറിൽ അടിഞ്ഞ് കൂടുന്നത് അൽഷിമേഴ്‌സ് രോഗത്തിന്റെ ഒരു പ്രധാന കാരണമായി പഠനങ്ങൾ പറയുന്നുണ്ട്. തലച്ചോറിൽ അമിലോയിഡ് കണികകൾ അടിഞ്ഞ് കൂടുന്നത് തടയാൻ സഹായിക്കുന്ന വാക്‌സിൻ വികസിപ്പിച്ചെടുത്തത് അൽഷിമേഴ്‌സ് രോഗ നിയന്ത്രണത്തിന് പ്രതീക്ഷ നൽകുന്ന ഒന്നാണ്. ലെകാനെമാബ് എന്ന പുതിയ മരുന്ന് ഉപയേ​ഗിച്ചവരിൽ അൽഷിമേഴ്‌സ് 27 ശതമാനവും സാവധാനത്തിലാക്കി എന്നാണ് റിപ്പോർട്ട്. രോഗം വളരെ മൂർശ്ചിച്ച അവസ്ഥയിൽ മരുന്നുകൾ നൽകുന്നതിൽ പോലും അർഥമില്ല . മരുന്നുകൾക്ക് മാറ്റാൻ ആവാത്തത് മറ്റുള്ളവരുടെ നല്ല രീതിയിലുള്ള ഇടപെടലിനും നല്ലസാമൂഹിക അന്തരീക്ഷത്തിനും സാധിക്കും.

വ്യായാമക്കുറവ്, അമിതവണ്ണം, പുകവലി, അമിത മദ്യപാനം, വായുമലിനീകരണം, സാമൂഹിക സമ്പർക്കം കുറയുന്നത്, പ്രേമേഹം, വിഷാദം തുടങ്ങിയ ഡിമെൻഷ്യയിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. രോഗിയെ എപ്പോഴും ഒപ്പം നിർത്തുക, ശാരീരികവും മാനസികവുമായ കാര്യങ്ങളിൽ അവർ എപ്പോഴും സജീവമായിരിക്കാൻ ശ്രദ്ധിക്കാം, അവർക്ക് മുൻപ്പ് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു കാര്യങ്ങൾ ചെയ്യാൻ സഹായിക്കുക, പാട്ടുകൾ കേൾക്കുക, കളിക്കുക, സംസാരിക്കുക, യാത്രകൾ ചെയ്യാൻ സഹായിക്കുക തുടങ്ങി അവർക്ക് വേണ്ടി അവർക്കനുയോജ്യമായി എന്തെല്ലാം ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്യുക്ക എന്നുള്ളതാണ്. അവരുടെ കാര്യങ്ങൾ അടുക്കും ചിട്ടയോടും കൂടി കൃത്യമായി ചെയ്യുക അത് അവരെ കൂടുതൽ കുഴപ്പിക്കാതെയിരിക്കാൻ സഹായിക്കും.

നെവർ ടൂ ഏർലി , നെവർ ടൂ ലേറ്റ് എന്നതാണ് ഈ വർഷത്തെ അൽഷിമേഴ്‌സ് ദിന തീം. രോഗിയെ പോലെത്തന്നെ രോഗിയെ പരിചരിക്കുന്ന വ്യക്തിയുടെയും ശാരീരികവും മാനസികവുമായ ആരോഗ്യം പ്രധാനമാണ്. കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ് (DSJ), കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ(KSSM),അൽഷിമേഴ്‌സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യ (ARDSI) എന്നിവ കൈകോർത്തുകൊണ്ട് സ്മൃതിപഥം (Kerala State Initiative on Dementia) എന്ന സംരംഭം നടത്തി വരുന്നുണ്ട്. അൽഷിമേഴ്‌സ് രോ​ഗികൾക്കും അവരെ പരിചരിക്കുന്നവർക്കും സഹായകമായാണ് ഇത്തരം സംരം​ഭങ്ങൾ പ്രവർത്തിക്കുന്നത്.