ന്യൂഡൽഹി: കാനഡയിലെ ഇന്ത്യൻ വംശജർക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ. കാനഡയിലെ ഇന്ത്യൻ പൗരൻമാരും കാനഡയിലേക്ക് യാത്ര ചെയ്യുന്നവരും വളരെ ജാഗ്രതയോടെയിരിക്കണമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. വർധിച്ചുവരുന്ന ഇന്ത്യാവിരുദ്ധ വികാരത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരെയും ഇന്ത്യാവിരുദ്ധ നിലപാടുകൾക്കെതിരെ തുറന്നടിച്ചവർക്കെതിരെയും ഭീഷണി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം. അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കാനഡയിലെ ഇന്ത്യൻ വംശജരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ ഹൈക്കമ്മീഷനും കോൺസുലേറ്റ് ജനറലും കനേഡിയൻ അധികൃതരുമായി നിരന്തരം ചർച്ച നടത്തി വരികയാണ്. നിലവിലെ സാഹചര്യത്തിൽ കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥി സമൂഹത്തോട് അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.

