പ്രതിദിനം 30 കുട്ടികൾക്ക് തെരുവുനായകളുടെ കടിയേൽക്കുന്നു; കണ്ണൂർ ജില്ലാപഞ്ചായത്ത്

ന്യൂഡൽഹി: പ്രതിദിനം 30 കുട്ടികൾക്ക് തെരുവുനായകളുടെ കടിയേൽക്കുന്നുവെന്ന് സുപ്രീം കോടതിയെ അറിയിച്ച് കണ്ണൂർ ജില്ലാപഞ്ചായത്ത്. 465 കുട്ടികൾക്ക് കഴിഞ്ഞ രണ്ടുവർഷത്തിനിടെ തെരുവുനായകളുടെ കടിയേറ്റുവെന്ന് കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ സുപ്രീംകോടതിയിൽ വ്യക്തമാക്കി. സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

23,666 തെരുവുനായകൾ കണ്ണൂർ ജില്ലാപഞ്ചായത്തത്തിന്റെ പരിധിയിലുണ്ട്. 48,055 വളർത്തു നായകളുമുണ്ട്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ 18 വയസ്സിന് താഴെയുള്ള 465 കുട്ടികൾക്കാണ് തെരുവുനായകളുടെ കടിയേറ്റതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. തെരുവുനായയുടെ കടിയേറ്റ് 11 വയസ്സുകാരൻ നിഹാൽ മരണപ്പെട്ട കാര്യവും സത്യവാങ്മൂലത്തിലുണ്ട്.

അതേസമയം, അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനിക്കാൻ വിദഗ്ധ സമിതി രൂപവത്കരിക്കണമെന്ന നിർദേശവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുന്നോട്ടുവെച്ചു. തദ്ദേശസ്ഥാപന മേധാവി, ആരോഗ്യവകുപ്പ്, മൃഗക്ഷേമ സംഘടനാ പ്രതിനിധികൾ എന്നിവർ അടങ്ങുന്ന സമിതി രൂപവത്കരിക്കണമെന്ന നിർദേശമാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് കോടതിയിൽ വ്യക്തമാക്കിയത്.