ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന് പൂർണ പിന്തുണ അറിയിച്ച് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി. വനിതാ സംവരണ നീക്കം തുടങ്ങിയത് രാജീവ് ഗാന്ധിയാണെന്ന് സോണിയാ ഗാന്ധി വ്യക്തമാക്കി. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിൽ സംവരണം യാഥാർത്ഥ്യമായി. എന്നാൽ രാജീവിന്റെ സ്വപ്നം ഇപ്പോഴും അപൂർണമാണെന്ന് സോണിയാ ഗാന്ധി അറിയിച്ചു.
ബിൽ നടപ്പിലാക്കുന്നതിൽ ഏതെങ്കിലും തരത്തിൽ വൈകുന്നത് ഇന്ത്യയിലെ സ്ത്രീകളോട് കാണിക്കുന്ന നീതി നിഷേധമാണ്. സോണിയാ ഗാന്ധി പറഞ്ഞു. സാധ്യമായ രീതിയിൽ എല്ലാ തടസങ്ങളും നീക്കി വനിതാ സംവരണ ബിൽ ഉടൻ നടപ്പിലാക്കണം. സ്ത്രീകളുടെ ക്ഷമയുടെ വ്യാപ്തി അളക്കാൻ പ്രയാസമാണ്. വിശ്രമിക്കുന്നതിനെക്കുറിച്ച് അവർ ഒരിക്കലും ചിന്തിക്കുന്നില്ല.
എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്ക് ഉപസംവരണം ഉൾപ്പെടുത്തി വനിതാ സംവരണ ബിൽ ഉടൻ നടപ്പാക്കണമെന്ന് സോണിയ ആവശ്യപ്പെട്ടു. വനിത സംവരണ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ ആണ് ബിൽ അവതരിപ്പിച്ചത്. നാരിശക്തീ വന്ദൻ എന്ന പേരിൽ അവതരിപ്പിച്ച ബിൽ ലോക്സഭയിലും നിയമസഭയിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ലക്ഷ്യംവെയ്ക്കുന്നുണ്ട്.

