കരുവന്നൂർ ബാങ്ക് തട്ടിപ്പ് : പി സതീഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഇ ഡി

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ വിദേശത്തേക്ക് ഹവാല ഇടപാട് നടന്നതായി ഇ ഡി വിചാരണകോടതിയിൽ വ്യക്തമാക്കി. കേസിൽ ഒന്നാം പ്രതിയായ പി സതീഷ് കുമാറാണ് ഹവാല ഇടപാടിന് ചുക്കാൻ പിടിച്ചത് എന്നും സതീശന്റെ ബഹറിനിലുള്ള കമ്പനിയിലേക്ക് ഈ നെറ്റ്‌വർക്ക് വഴി പണം കടത്തിയതായും ഇ ഡി വെളിപ്പെടുത്തി. സതീശന്റെ സഹോദരന്റെയും സഹോദരിയുടെയും ഒപ്പം സുഹൃത്തുക്കളുടെയുംപേരുകളിൾ കോടികൾ നിക്ഷേപിച്ചിരുന്നു എന്നും ഇ ഡി വിചാരണകോടതിയിൽ വെളിപ്പെടുത്തി.

സതീശന് വിദേശത്തു സ്പെയർപാർട്സ് കടയും സൂപ്പർ മാർക്കറ്റ് ബിസിനസ്സ്‌ തുടങ്ങിയവയും ഉണ്ട്. മാത്രമല്ല വിദേശത്തേക്കും അവിടെന്നു തിരികയും പണം ഒഴുകിയിട്ടുണ്ടെന്നും സതീശന്റെ വിദേശ ബന്ധം അന്വേഷിക്കണമെന്നും ഇ ഡി കോടതിയോട് ആവശ്യപ്പെട്ടു. മാത്രമല്ല ഉന്നത രാഷ്ട്രീയക്കാർക്കും പോലീസ് ഉദ്യോഗസ്ഥർക്കും സതീശന്റെ ഹവാല ഇടപാടിൽ പങ്കുണ്ടെന്നും ഇ ഡി കൂട്ടിച്ചേർത്തു. കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടിൽ സതീഷ് കുമാർ ഏകദേശം 500 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കണ്ടെത്തൽ.കൂടാതെ അയ്യന്തോൾ ഉപ്പേടെയുള്ള മറ്റു ബാങ്കുകൾ വഴിയും സതീഷ് കുമാർ കള്ളപ്പണം വെളുപ്പിച്ചെന്നു ഇ ഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് തൃശ്ശൂരിലും കൊച്ചിയിലുമായി വിവിധ ഇടങ്ങളിൽ നടത്തിയ റെയ്‌ഡിൽ സതീഷ്കുമാറിന്റെ ബിനാമി ഇടപാടിന്റെ രേഖകൾ കണ്ടെത്തുകയായിരുന്നു.