മുഖ്യമന്ത്രി പിണറായി വിജയൻറെ യാത്രക്കും പോലീസിന്റെ ആവശ്യങ്ങൾക്കുമായി സംസ്ഥാന സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്റർ തിരുവനന്തപുരത്തെത്തി. സുരക്ഷാ പരിശോധനക്കായി എസ് പി ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറക്കുകയും ചെയ്തിരുന്നു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിപ്‌സൻ ഏവിയേഷൻ കമ്പനിയുടേതാണ് ഹെലികോപ്റ്റർ.
20 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് ഹെലോകോപ്റ്ററിന് വാടകയായി നൽകേണ്ടത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുമ്പോഴാണ് 80 ലക്ഷം നൽകി ഹെലികോപ്റ്റർ വാടകക്ക് എടുക്കുന്നത്. 20 മണിക്കൂറിന് ശേഷം തുടർന്നുള്ള ഓരോ മണിക്കൂറിലും 90, 000 രൂപ വീതം നൽകണം. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ പവൻഹംസ് കമ്പനിയിൽ നിന്ന് 22. 1 കോടി ചിലവിൽ ഹെലികോപ്റ്റർ വാടകക്ക് എടുത്തു എങ്കിലും കാര്യമായ പ്രയോജനം ഒന്നും ഉണ്ടായില്ല. വീണ്ടും ഹെലികോപ്റ്റർ വാടകക്കെടുക്കുന്നതിൽ കടുത്ത വിമർശനം ഉണ്ടായിരുന്നെങ്കിലും ചിപ്‌സൻ ഏവിയേഷനുമായി കരാർ ഉണ്ടാക്കുകയായിരുന്നു. ഹെലികോപ്റ്റർ ചാലക്കുടിയുടെ സ്വന്തം ഗ്രൗണ്ടിൽ പാർക്ക് ചെയ്യണമെന്ന് ചിപ്സൻ ഏവിയേഷൻ ആവശ്യപ്പെട്ടെങ്കിലും തിരുവന്തപുരത്ത് വേണമെന്നായിരുന്നു സർക്കാർ ആവശ്യം എന്നാൽ തിരുവനന്തപുരത്താണ് പാർക്കിങ് എങ്കിൽ പാർക്കിങ് ഫീസ് കൂടി നൽകേണ്ടി വരും എന്ന് കമ്പനി അറിയിച്ചതോടെ ചാലക്കുടി തന്നെ തീരുമാനിക്കുകയായിരുന്നു. മധ്യ കേരളത്തിൽ നിന്നും എല്ലാ ജില്ലകളിലേക്കും പോകാനുള്ള സൗകര്യത്തിലാണ് ചാലക്കുടി തന്നെ പാർക്കിങ്ങിനായി തെരഞ്ഞെടുത്തത് എന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. 3 വർഷത്തേക്കാണ് കരാർ.

