ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യ ബില്ല് അവതരിപ്പിച്ചു. വനിതാ സംവരണ ബില്ലാണ് ലോക്‌സഭയിൽ അവതരിപ്പിച്ചത്. 128-ാം ഭരണഘടനാ ഭേദഗതിയായാണ് കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്വാൾ ബിൽ അവതരിപ്പിച്ചത്. വനിതാ സംവരണം നിലവിൽ വന്നാൽ ലോക്സഭയിലെ വനിതാ എം.പിമാരുടെ എണ്ണം 82ൽ നിന്ന് 181 ആയി ഉയരുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു.
പാർലമെന്റിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പുവരുത്തുന്നതാണ് വനിതാസംവരണ ബിൽ. നിലവിലെ സംവരണ സീറ്റുകളിലും 33 ശതമാനം വനിതകൾക്ക് നൽകും. 2010 ൽ രാജ്യസഭ ബിൽ പാസാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ബില്ലിന് അംഗീകാരം നൽകിയത്.
അതേസമയം, 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാകില്ല. മണ്ഡല പുനനിർണയത്തിന് ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് ബില്ലിലെ വ്യവസ്ഥ. അതേസമയം രാജ്യസഭയിലും സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിലുകളിലും വനിതാ സംവരണം ഉണ്ടാകില്ല.

