റെക്കോർഡ് സ്വന്തമാക്കി വിജയ് ചിത്രം ലിയോ : മറികടന്നത് അല്ലു അർജുനെ

മാസ്റ്ററിന് ശേഷം വിജയിയും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. ചിത്രത്തിന്റെതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റും നിമിഷങ്ങൾക്കുള്ളിൽ വൈറലാവാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു പോസ്റ്റർ പുറത്തിറങ്ങുകയും ഇറങ്ങിയപ്പോൾ തന്നെ റെക്കോർഡുകൾ സ്വന്തമാക്കുന്ന കാഴ്ചയുമാണ് കാണുന്നത്. ചിത്രത്തിന്റെ ഹൈപ്പ് മനസിലാക്കി അണിയറ പ്രവർത്തകർ അടുത്ത നാല് ദിവസത്തേക്ക് ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ അവതരിപ്പിക്കുകയാണ് . ആദ്യ പോസ്റ്റര്‍ കഴിഞ്ഞ ദിവസം എത്തി. ലിയോ തെലുങ്ക് പതിപ്പിന്‍റെ പോസ്റ്റര്‍ ആയിരുന്നു ഇത്. ക്ഷമയോടെ ഇരിക്കൂ, യുദ്ധം ഒഴിവാക്കൂ എന്ന് എഴുതിയ പോസ്റ്ററില്‍ വിജയ് മാത്രമാണ് ഉള്ളത്. റിലീസിന്‍റെ ആദ്യ മിനിറ്റ് മുതല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ആരാധകരുടെ കൈയടി നേടിയ പോസ്റ്റര്‍ ഒരു റെക്കോര്‍ഡും സ്വന്തമാക്കി.
ഇന്‍സ്റ്റഗ്രാമില്‍ ഒരു ഇന്ത്യന്‍ സിനിമയുടെ പോസ്റ്ററിന് ഏറ്റവും വേഗത്തില്‍ ഒരു മില്യണ്‍ (10 ലക്ഷം) ലൈക്ക് എന്ന നേട്ടമാണ് ലിയോയുടെ ഈ പോസ്റ്റര്‍ സ്വന്തമാക്കിയിരിക്കുന്നത്. വെറും 32 മിനിറ്റ് കൊണ്ടാണ് പോസ്റ്ററിന് ഒരു മില്യണ്‍ ലൈക്കുകള്‍ ലഭിച്ചത്. ഇതോടെ രണ്ടാം സ്ഥാനത്തേക്ക് നീങ്ങിയത് അല്ലു അര്‍ജുന്‍റെ പാന്‍ ഇന്ത്യന്‍ ചിത്രം പുഷ്പ 2 ന്‍റെ പോസ്റ്റര്‍ ആണ്. അല്ലു അര്‍ജുന്‍ മുന്‍പ് പങ്കുവച്ച പുഷ്പ 2 പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു മില്യണ്‍ ലൈക്കുകള്‍ നേടിയത് ഒരു മിനിറ്റ് അധികം എടുത്തായിരുന്നു.

വർഷങ്ങൾക്ക് ശേഷം വിജയിയും ഭാഗ്യനായിക തൃഷയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സഞ്ജയ് ദത്ത്, ഗൌതം മേനോന്‍, മിഷ്കിന്‍, മാത്യു തോമസ്, ബാബു ആന്‍റണി, മഡോണ സെബാസ്റ്റ്യന്‍ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.