പെരുമ്പാവൂർ: മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസിൽ വിചാരണ നടപടികൾക്ക് സ്‌റ്റേ. ഹൈക്കോടതിയാണ് വിചാരണ നടപടികൾക്ക് സ്റ്റേ വിധിച്ചത്. കേസിൽ വിചാരണയ്ക്കായി അടുത്തമാസം കോടതിയിൽ നേരിട്ടു ഹാജരാകണമെന്ന് മോഹൻലാലിനോട് നിർദേശിച്ചിരുന്നു. കഴിഞ്ഞ മാസം പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ഇതിലുള്ള തുടർനടപടികളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
നവംബർ മൂന്നിന് ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ ഉൾപ്പെടെയുള്ള പ്രതികൾ നേരിട്ട് ഹാജരാകണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ അപേക്ഷയും കോടതി തള്ളിയിരുന്നു. ആവശ്യം പൊതുതാത്പര്യത്തിന് വിരുദ്ധമാണെന്നായിരുന്നു കോടതിയുടെ അന്നത്തെ വിലയിരുത്തൽ.
2011-ൽ ആദായനികതി വകുപ്പാണ് കേസ് രജിസ്റ്റർ ചെയ്തത്. മോഹൻലാലിന്റെ എറണാകുളത്തെ വീട്ടിൽ അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചത് സംബന്ധിച്ചായിരുന്നു കേസ്. പിന്നീട് കേസ് വനം വകുപ്പിന് കൈമാറുകയായിരുന്നു.

