തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി മുൻ ഡയറക്ടർമാർ. സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയാണ് മുൻ ഡയറക്ടർമാരുടെ വെളിപ്പെടുത്തൽ. ബാങ്കിലെ ഡയറക്ടർ ബോർഡ് അംഗങ്ങളിലെ സിപിഐ പ്രതിനിധികളായിരുന്ന സുഗതൻ, ലളിതൻ എന്നിവരാണ് വെളിപ്പെടുത്തൽ നടത്തുന്നത്. ബാങ്കിലെ പാർട്ടി നിയന്ത്രണം സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്ന സി കെ ചന്ദ്രനായിരുന്നുവെന്നാണ് ഇവർ പറയുന്നത്.
വലിയ നേതാക്കളെ രക്ഷിക്കാൻ വേണ്ടി തങ്ങളെ ബലിയാടാക്കി. വലിയ ലോണുകൾ ഒന്നും തങ്ങൾ ഒപ്പിട്ടിരുന്നില്ല. അഞ്ച് ലക്ഷം രൂപയിൽ കൂടുതലുള്ള ലോണുകളെല്ലാം പാസാക്കിയത് രഹസ്യമായിട്ടായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു. ഇവ പ്രസിഡന്റ് മാത്രം ഒപ്പിട്ട് അത് മാനിട്സ് ബുക്കിൽ എഴുതി ചേർത്തു. ഇഡിയുടെ നിലവിലെ അന്വേഷണം ശരിയായ ദിശയിലാണെന്നും ഇവർ പ്രതികരിച്ചു. സിപിഐ പ്രതിനിധികളായി ഡയറക്ടർ ബോർഡിൽ ഉണ്ടായിരുന്നത് മൂന്ന് പേരാണ്. 8.5 കോടി രൂപയുടെ റവന്യു റിക്കവറിയുടെ നോട്ടീസും ഇവർക്ക് ലഭിച്ചിട്ടുണ്ട്.

