കെലോനയിൽ ഇന്ത്യൻ വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിൽ കാനഡയോട് അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ.

അടുത്തിടെ കെലോനയിൽ ഇന്ത്യൻ പൗരനെ ആക്രമിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ വാൻകൂവറിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ കനേഡിയൻ അധികൃതരോട് അഭ്യർഥിച്ചു. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ ബസ് സ്റ്റോപ്പിൽ വച്ച് 17 വയസുള്ള ഇന്ത്യൻ സിഖ് വിദ്യാർത്ഥിയെ ആക്രമിച്ച കേസിലെ കുറ്റക്കാർക്കെതിരെ ഉടനുള്ള നിയമനടപടിയും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

തിങ്കളാഴ്ച കെലോനിയിൽ സൗത്ത് റട്ട്ലാന്റ് റോഡ്, ഈസ്റ്റ് റോബ്‌സൺ റോഡ് എന്നിവിടങ്ങളിൽ വച്ച് തല്ലുകയും ചവിട്ടുകയും, പേപ്പർ സ്പ്രൈ പ്രയോഗിക്കുകയും ചെയ്തതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സംഭവത്തെ അപലപിച്ചുകൊണ്ട് വൻകൂറിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, എക്‌സിൽ പങ്കിട്ട പോസ്റ്റിലാണ് കനേഡിയൻ അധികൃതരോട് സംഭവത്തിൽ ഉടൻ നടപടി സ്വീകരിക്കണം എന്ന് അഭ്യർഥിച്ചത്.

പബ്ലിക് ട്രാൻസ്‌പോർട് ബസ്സിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേ 17 വയസുള്ള സിഖ് വിദ്യാർത്ഥിയെ ആക്രമിക്കുകയായിരുന്നു. ബസിൽ വച്ചുണ്ടായ തർക്കമാണ് കാരണം എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പോലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല എങ്കിലും വാഹനത്തിൽ കയറുന്നതിനിടെ വിദ്യാർത്ഥി ആക്രമിക്കപ്പെട്ടു എന്ന് കാനഡയിലെ വേൾഡ് സിഖ് ഓർഗനൈസേഷൻ ആരോപിച്ചു.

കെലോനയിലെ ഇന്ത്യൻ വിദ്യാർത്ഥിക്കു നേരെ നടന്ന ആക്രമണം ഞെട്ടിക്കുന്നതും അസ്വീകാര്യവുമാണെന്ന് ബ്രിട്ടീഷ് കൊളമ്പിയയുടെ wso വൈസ് പ്രസിഡന്റ് ഗുണ്ടാസ് കൗർ പറഞ്ഞു. ഈ വ‍ർഷത്തിൽ നഗരത്തിൽ പൊതുഗതാഗതത്തിൽ സഞ്ചരിക്കുകയായിരുന്ന സിഖ് യുവാവിനെതിരെ ഇത്തരത്തിൽ രണ്ടാം തവണയാണ് അക്രമം നടക്കുന്നത്.

മാർച്ചിൽ, ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ 21 കാരനായ ഇന്ത്യൻ സിഖ് വിദ്യാർത്ഥി ഗഗൻ ദീപ് സിംഗിനെ ഒരു കൂട്ടം അജ്ഞാതർ ആക്രമിക്കുകയും തലപ്പാവ് വലിച്ചുകീറുകയും മുടിയിൽ പിടിച്ച് നടപ്പാതയിലൂടെ വലിച്ചിഴക്കുകയും ചെയ്തിരുന്നു.