സംസ്ഥാന ചലച്ചിത്ര പുരസ്ക്കര വിതരണ ചടങ്ങിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ആദരവ് പ്രകടിപ്പിച്ച് എഴുന്നേറ്റു നിന്ന നടൻ ഭീമൻ രഘുവിനെ പരിഹസിച്ച് സംവിധായകൻ ഡോ. ബിജു.മാത്രമല്ല മുഖ്യമന്ത്രിയെയും സർക്കാരിനെയും അദ്ദേഹം പരോക്ഷമായി വിമർശിക്കുന്നുമുണ്ട്. സ്വന്തം ഫേസ്ബുക് പേജിലൂടെയാണ് അദ്ദേഹം പ്രതികരണം നടത്തിയത്
” എപിക് ..കേരളത്തിലെ സാംസ്കാരിക രംഗത്തിന്റെ നേർചിത്രം ..ചിലർ പരസ്യമായി പ്രകടിപ്പിക്കുന്നു . ചിലർ മാനസികമായി പ്രകടിപ്പിക്കുന്നു ..അത്രയേ ഉള്ളൂ വ്യത്യാസം.’’ എന്നാണ് ചടങ്ങിൽ നിന്നുള്ള ഭീമൻ രഘുവിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ബിജു കുറിച്ചത്. കേരളത്തിലെ സാംസ്കാരിക രംഗത്തിന്റെ നേർചിത്രമാണ് ഈ കാണുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
പുരസ്കാര വിതരണ ചടങ്ങിൽ പിണറായി വിജയൻ പ്രസംഗിച്ച 15 മിനിറ്റും ഭീമൻ രഘു എഴുന്നേറ്റ് നിന്നിരുന്നു. ബഹുമാന സൂചകമായാണ് എഴുന്നേറ്റ് നിന്നതെന്നും അച്ഛന്റെ സ്ഥാനത്താണ് മുഖ്യമന്ത്രിയെ കാണുന്നതെന്നും ഭീമന് രഘു പറഞ്ഞു. നല്ലൊരു അച്ഛൻ, നല്ലൊരു മുഖ്യമന്ത്രി, നല്ലൊരു കുടുംബനാഥൻ. എന്റെ അച്ഛന്റെ രീതിയുമൊക്കെയായി നല്ല താരതമ്യമുണ്ടെന്നും ഭീമൻ രഘു പറഞ്ഞിരുന്നു.
15 മിനിറ്റ് ഭാവബേധമില്ലാതെ ഒറ്റ നിൽപ്പ് നിന്ന ഭീമൻ രഘുവിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിലുൾപ്പെടെ വൈറലായിരുന്നു. എന്നാൽ ഭീമൻ രഘുവിന്റെ ഈ പ്രവർത്തനത്തെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

