ഗഗൻയാൻ; ആദ്യ പരീക്ഷണ പേടകം ഒക്ടോബറിൽ വിക്ഷേപിക്കും

കൊച്ചി: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ കന്നി ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ആദ്യ പരീക്ഷണ പേടകം ഒക്ടോബറിൽ വിക്ഷേപിക്കും. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്റർ മേധാവി എ രാജരാജനാണ് ഇക്കാര്യം അറിയിച്ചത്. ദൗത്യത്തിന്റെ തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഗഗൻയാൻ പദ്ധതിയുടെ നാല് അബോർട്ട് ദൗത്യങ്ങളിൽ ആദ്യത്തേതായിരിക്കും ഇത്. ഗഗൻയാൻ ആദ്യ പരീക്ഷണ വാഹന വിക്ഷേപണം ഒക്ടോബർ മൂന്നാം വാരമായിരിക്കും നടക്കുക. ഈ വർഷം റെക്കോർഡ് വിക്ഷേപണങ്ങൾ ആണ് രാജ്യം നടത്തുകയെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തവണ ഇന്ത്യ 12 വിക്ഷേപണങ്ങളാണ് നടത്തിയത്. സൂര്യനിലേക്കുള്ള ഐഎസ്ആർഒ ദൌത്യമായ ആദിത്യ L1 ഇന്നോ നാളെയോ അതിന്റെ സൂര്യന് അടുത്തേക്കുള്ള പാതയിൽ പ്രവേശിക്കും. ജനുവരിയോടെ ലക്ഷ്യ സ്ഥാനത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.