ശ്രീനഗർ: ജമ്മുവിൽ 2941 കോടി രൂപയുടെ 90 അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആണ് ഉദ്ഘാടനം നിർവ്വഹിച്ചത്. രാജ്നാഥ് സിംഗിനൊപ്പം പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി ജിതേന്ദ്ര സിംഗും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ജമ്മു വിമാനത്താവളത്തിൽ രാജ്‌നാഥ് സിംഗിനെ സ്വീകരിച്ചത് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും മുതിർന്ന ആർമി, ഇന്ത്യൻ എയർഫോഴ്സ് (ഐഎഎഫ്) ഉദ്യോഗസ്ഥരും ചേർന്നാണ്.
സാംബ ജില്ലയിലെ ബിഷ്‌ന-കൗൽപൂർ-ഫുൽപൂർ റോഡിലെ അത്യാധുനിക 422.9 മീറ്റർ ദേവക് പാലം ഉൾപ്പെടെ 90 പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. ദേവക് പാലം പ്രതിരോധ സേനയ്ക്ക് തന്ത്രപരമായ പ്രാധാന്യമുള്ളതാണെന്നും സൈനികരെയും വലിയ ഉപകരണങ്ങളെയും യന്ത്രവൽകൃത വാഹനങ്ങളെയും ഫോർവേഡ് ഏരിയയിലേക്ക് കൊണ്ടുപോകാൻ സഹായിക്കുകയും മേഖലയുടെ സാമൂഹിക-സാമ്പത്തിക വികസനം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ബിആർഒ വക്താവ് വ്യക്തമാക്കി.
പശ്ചിമ ബംഗാളിലെ ബാഗ്‌ഡോഗ്ര, ബാരക്പൂർ എയർഫീൽഡുകൾ പുനർനിർമ്മിക്കുകയും നവീകരിക്കുകയും ചെയ്യുന്നത് ഇന്ത്യൻ വ്യോമസേനയെ സഹായിക്കുക മാത്രമല്ല, ഈ മേഖലയിലെ വാണിജ്യ പ്രവർത്തനങ്ങൾ സുഗമമാക്കുകയും ചെയ്യുമെന്നും ബിആർഒ വക്താവ് ചൂണ്ടിക്കാട്ടി. കിഴക്കൻ ലഡാക്കിലെ നിയോമ എയർഫീൽഡിന്റെ ഇ-ഫൗണ്ടേഷനും പ്രതിരോധ മന്ത്രി സ്ഥാപിച്ചു. 218 കോടി രൂപ ചെലവിലാണ് ഇത് നിർമ്മിക്കുക. ഈ എയർഫീൽഡിന്റെ നിർമ്മാണം ലഡാക്കിലെ എയർ ഇൻഫ്രാസ്ട്രക്ചറിനെ അഭിവൃദ്ധിപ്പെടുത്തുമെന്നും വടക്കൻ അതിർത്തികളിലെ വ്യോമസേനയുടെ ശേഷി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

