സ്വകാര്യത ഭരണഘടനാ പരമായ അവകാശമാണെന്ന് ഹൈക്കോടതി. എച്ച് ഐ വി ആനുകൂല്യം നൽകുന്നതിനായി അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ സമർപ്പിക്കുമ്പോൾ വിവരങ്ങൾ പരസ്യപ്പെടുന്നുവെന്ന പരാതിയിലാണ് കോടതി ഈക്കാര്യം പറഞ്ഞത്.
സർക്കാർ ധനസഹായത്തിന്റെ പേരിൽ എച്ച് ഐ വി ബാധിതരുടെ വിവരങ്ങൾ പരസ്യപ്പെടുത്താനാവില്ലെന്ന് കോടതി നിർദേശിച്ചു. അപേക്ഷകൾ അക്ഷയ കേന്ദ്രങ്ങൾ വഴി നൽകുമ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റും മേൽവിലാസവുമടക്കമുള്ള വിവരങ്ങൾ കൈമാറണം. ആനുകൂല്യത്തിനായുള്ള അപേക്ഷ നൽകുമ്പോൾ വിവരങ്ങൾ പരസ്യപ്പെടുന്നുവെന്നാരോപിച്ചാണ് എച്ച് ഐ വി ബാധിതനായ മലപ്പുറം സ്വദേശിയാണ് കോടതിയെ സമീപിച്ചത്.
സർക്കാർ ധനസഹായവുമായി ബന്ധപ്പെട്ട് നിലവിലുള്ള ഉത്തരവിൽ സ്വകാര്യതയുമായി ബന്ധപ്പെട്ട് കൃത്യമായ നിർദ്ദേശം ഒന്നും തന്നെയില്ല. പലപ്പോഴും സമൂഹത്തിൽ താഴെക്കിടയിലുള്ളവരാണ് സർക്കാർ സഹായങ്ങൾക്കായി സമീപിക്കുന്നത്. 6000 രൂപ വീതം ആറുമാസം കൂടുമ്പോൾ സർക്കാർ ധനസഹായം നൽകുന്നുണ്ട്. എച്ച്ഐവി ബാധിതർക്കുള്ള സഹായം ലഭ്യമാക്കണമെങ്കിൽ ജില്ലാ കലക്ടർമാർക്ക് അപേക്ഷ നൽകണം. ഇത്തരത്തിൽ അപേക്ഷ അക്ഷയകേന്ദ്രങ്ങൾ വഴി നൽകുമ്പോൾ സ്വകാര്യ വിവരങ്ങൾ പരസ്യപ്പെടുന്നു എന്നാണ് പരാതി. ഇതേ തുടർന്ന് ധനസഹായ ഉത്തരവിലെ സ്വകാര്യതയുമായി ബന്ധപ്പെട്ട് പുതിയ മാർഗനിർദേശം സംബന്ധിച്ച് സർക്കാർ നടപടി സ്വീകരിക്കണമെന്ന് കോടതി നിർദേശവും നൽകി. ഹർജിക്കാരന് ധനസഹായം നൽകാൻ നിർദേശിച്ച കോടതി ഹർജി അടുത്തമാസം മൂന്നിന് പരിഗണിക്കാൻ മാറ്റി.

