ദുബായ്: ദുബായിൽ നിന്ന് കൊച്ചിയിലേക്കും ബേപ്പൂരിലേക്കും ഒരു കപ്പൽ സർവ്വീസ്. ഈ യാത്രാ കപ്പൽ സർവീസ് യാഥാർഥ്യമായാൽ പ്രവാസികൾക്ക് അത് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പതിനായിരം രൂപയ്ക്ക് വൺവേ ടിക്കറ്റ്, 200 കിലോ ലഗേജ്, വിഭവസമൃദ്ധമായ ഭക്ഷണം, വിനോദപരിപാടികൾ, മൂന്നു ദിവസം കൊണ്ട് നാടുപിടിക്കാം, ഇതൊക്കെയാണ് ഈ കപ്പലിന്റെ സവിശേഷതകൾ.
കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കുകയാണെങ്കിൽ ഡിസംബറിൽ കപ്പൽ സർവീസ് ആരംഭിക്കും. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ എ റഹീമാണ് ഇതിന് നേതൃത്വം നൽകുന്നത്. ആദ്യം പരീക്ഷണ സർവീസാണ് നടത്തുക. ഇത് വിജയിച്ചാൽ മാസത്തിൽ രണ്ട് ട്രിപ്പുകൾ നടത്താനാണ് പദ്ധതിയെന്ന് അദ്ദേഹം വ്യക്തമാക്കി.
ബേപ്പൂർ-കൊച്ചി തുറമുഖങ്ങൾ മുതൽ ദുബായിലെ മിന അൽ റാഷിദ് തുറമുഖം വരെയുള്ള പാസഞ്ചർ ക്രൂയിസ് കപ്പൽ പ്രവർത്തനങ്ങളുടെ സാധ്യതാ പഠനം നടത്താനുള്ള അഭ്യർഥന മുഖ്യമന്ത്രി പിണറായി വിജയന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് സി ഇ ചാക്കുണ്ണി സമർപ്പിച്ചിരുന്നു. കൂടാതെ, മന്ത്രി വി മുരളീധരൻ മുഖേന കേന്ദ്രത്തിനും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
എല്ലാ സൗകര്യങ്ങളുമുള്ള കപ്പലായിരിക്കും യാത്രാ സർവീസിന് ഉപയോഗിക്കുക. 1250 പേർക്ക് വരെ ഈ കപ്പലിൽ യാത്ര ചെയ്യാം. കാർഗോ കമ്പനികളുമായി ചേർന്നാണ് സർവീസ് ഏർപ്പെടുത്തുക.

