നിപ; ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: കോഴിക്കോട് ഇന്ന് നിപ സ്ഥിരീകരിച്ചത് ഓഗസ്റ്റ് 30-ന് മരിച്ച വ്യക്തിയുമായി നേരിട്ട് ബന്ധമുള്ള വ്യക്തിയ്ക്ക്. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. കോർപ്പറേഷൻ പരിധിയിലെ ചെറുവണ്ണൂരിലുള്ള വ്യക്തിയാണിത്. പുതിയ രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നുണ്ടെന്നും സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ എണ്ണം ഇനിയും വർധിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിപ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, എ കെ ശശീന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചത് ആരോഗ്യപ്രവർത്തകനല്ല. രോഗിക്ക് ഒപ്പം ആശുപത്രിയിൽ എത്തിയ ആൾക്കാണ്. അദ്ദേഹം ആശുപത്രിയിൽ എത്തിയ അതേ സമയത്ത് ഓഗസ്റ്റ് 30ന് മരിച്ച വ്യക്തിയും ആശുപത്രിയിൽ ഉണ്ടായിരുന്നുവെന്ന് മന്ത്രി മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.

നിപ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കും. പരിശോധന കോഴിക്കോട് തന്നെ നടത്തും. സമ്പർക്ക പട്ടിക തയ്യാറാക്കാൻ മൊബൈൽ ലൊക്കേഷൻ ഉൾപ്പെടെ ഉപയോഗിക്കും. കേരളാ എപിഡമിക് ആക്ട് 2021 പ്രകാരം നിപ പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടത്തും. പരിശോധനാഫലം നെഗറ്റീവ് ആണെന്ന് കണ്ടാലും 21 ദിവസം ഐസൊലേഷൻ നിർബന്ധമാണ്. അതിന് ശേഷം വീണ്ടും പരിശോധന നടത്തുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.