സംരംഭങ്ങൾ തുടങ്ങുന്നത് തടസപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി; എം ബി രാജേഷ്

തിരുവനന്തപുരം: സാങ്കേതിക കാരണങ്ങൾ പറഞ്ഞ് സംരംഭങ്ങൾ തുടങ്ങുന്നത് തടസപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും, തദ്ദേശമന്ത്രി എം.ബി. രാജേഷ് നിയമസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കും പ്രത്യേക സിലബസിന്റെ അടിസ്ഥാനത്തിൽ പരിശീലനം നൽകുമെന്നും അദ്ദേഹം അറിയിച്ചു. കെ ബി ഗണേഷ്‌കുമാർ എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

മൂന്ന് മേഖലകളായി തിരിച്ചുള്ള പരിശീലനം ഈ മാസം ആരംഭിക്കും. നിലവിൽ ഉയരുന്ന പല പരാതികൾക്കും ഇതോടെ പരിഹാരമാകും. താൻ മന്ത്രിയായ ശേഷം മുഴുവൻ തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥരുടെയും ഓൺലൈൻ യോഗങ്ങൾ ചേർന്ന് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. നേരത്തെ എം.വി ഗോവിന്ദൻ മന്ത്രി ആയിരിക്കവെ നേരിട്ട് യോഗം വിളിച്ചിരുന്നതായും മന്ത്രി വിശദമാക്കി.

ചില പഞ്ചായത്ത് സെക്രട്ടറിമാർ സർക്കാർ നയത്തിന് വിരുദ്ധമായി സംരംഭകർക്ക് എതിരെ പ്രവർത്തിക്കുകയാണെന്നും അവരെ വിളിച്ച് മന്ത്രി നേരിട്ട് ഇക്കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തണമെന്നും ഗണേഷ്‌കുമാർ വ്യക്തമാക്കിയിരുന്നു.