വീട്ടമ്മമാർക്ക് പ്രതിമാസം 1000 രൂപ; പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സ്റ്റാലിൻ

ചെന്നൈ: ‘കലൈഞ്ജർ മഗളിർ ഉരുമൈ’ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വീട്ടമ്മമാർക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതിയാണിത്. മുൻ മുഖ്യമന്ത്രിയും ഡിഎംകെ സ്ഥാപകനുമായ അണ്ണാദുരൈയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കാഞ്ചീപുരത്ത് വച്ചായിരുന്നു പദ്ധതി ഉദ്ഘാടനം ചെയ്തത്. പരിപാടിയിൽ വച്ച് പദ്ധതിയുടെ ഗുണഭോക്താക്കളായ വീട്ടമ്മമാർക്ക് എടിഎം കാർഡ് വിതരണം ചെയ്തു.

പദ്ധതിയുടെ ഉദ്ഘാടനം ഇന്നായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം തന്നെ ഗുണഭോക്താക്കളിൽ ഒട്ടേറെപ്പേർക്ക് ബാങ്ക് അക്കൗണ്ട് മുഖേന പണം കൈമാറിത്തുടങ്ങിയിരുന്നു. വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെയുള്ള 1,06,50,000 വീട്ടമ്മമാർക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക.

പ്രതിവർഷം 12,780 കോടി രൂപ ഈ പദ്ധതി നടപ്പാക്കാൻ വേണ്ടിവരും. തമിഴ്നാട് സർക്കാർ നടപ്പാക്കുന്ന ഏറ്റവും വലിയ ക്ഷേമപദ്ധതിയാണിത്. 1.63 കോടി ജനങ്ങളാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. വിശദ പരിശോധനകൾക്ക് ശേഷമാണ് ഇവരിൽ നിന്ന് അർഹരായവരെ തിരഞ്ഞെടുക്കുന്നത്.