തിരുവനന്തപുരം: വിജിലൻസ് അന്വേഷണത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തനിക്കെതിരെയുള്ള വിജിലൻസ് അന്വേഷണത്തിൽ ആശങ്കയില്ലെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തി ജീവിതത്തിൽ കറ ഇല്ലെന്ന് തെളിയിക്കാൻ കഴിയുന്ന സാഹചര്യമുണ്ടായെന്ന് അദ്ദേഹം അറിയിച്ചു.
സ്‌കൂൾ വാങ്ങാൻ കഴിഞ്ഞില്ല. എന്നാൽ പിരിച്ച പണത്തിന്റെ കൃത്യം കണക്കുണ്ട്. പണം എല്ലാവർക്കും മടക്കി നൽകിയിട്ടുണ്ടെന്നും രേഖകൾ എല്ലാം കൃത്യമായി സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സോളാർ കേസിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായമില്ല. ഗൂഢാലോചനയുണ്ടെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഗൂഢാലോചന അന്വേഷിക്കേണ്ട ഉത്തരവാദിത്തം സിബിഐക്കാണ്. സിബിഐ അന്വേഷിച്ചിട്ട് വസ്തുനിഷ്ടമായ കാര്യങ്ങൾ പുറത്തു കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ സിബിഐയോടുള്ള സമൂഹത്തിന്റെ മതിപ്പിന് കോട്ടമാണ്, അപമാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തുടരന്വേഷണം വേണം. അന്വേഷണം സുതാര്യമായിരിക്കണം. കെ ബി ഗണേഷ് കുമാറാണ് കഥാനായകൻ എന്ന് പറയുന്നു, ഗണേഷിന്റെ പങ്ക് അന്വേഷിക്കട്ടെയെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

