കരുവന്നൂർ ബാങ്ക് തട്ടിപ്പ്; എ സി മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി

കൊച്ചി: മുൻമന്ത്രി എ സി മൊയ്തീൻ എംഎൽഎയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. ഇക്കാര്യം വ്യക്തമാക്കി ഇഡി എ സി മെയ്തീന് നോട്ടീസ് അയച്ചു.

സെപ്തംബർ 19ന് ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മൊയ്തീൻ ഹാജരാക്കിയ രേഖകൾ അപൂർണമാണെന്നും ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിക്കുമെന്നും നേരത്തെ ഇ ഡി അറിയിച്ചിരുന്നു. ഇ ഡി വിളിപ്പിച്ചാൽ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് എ സി മൊയ്തീനും പറഞ്ഞിരുന്നു.

അതേസമയം, തന്റെയും ഭാര്യയുടെയും ബാങ്ക് നിക്ഷേപം മരവിപ്പിച്ച നടപടി ഇഡി പുനഃപരിശോധിക്കണ ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു.