ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ രംഗത്തിന് ഇനി ഇരട്ടിക്കരുത്ത്. യൂറോപ്യൻ വിമാനനിർമാതാക്കളായ എയർബസിൽ നിന്നുള്ള ആദ്യ സി-295 സൈനിക യാത്രാവിമാനം ഇന്ത്യയ്ക്ക് കൈമാറി. വ്യോമസേനാ തലവൻ എയർ ചീഫ് മാർഷൽ വി.ആർ. ചൗധരിയാണ് വിമാനം ഏറ്റുവാങ്ങിയത്. ബുധനാഴ്ച സ്പെയിനിലെ സെവിയ്യയിൽ വെച്ചാണ് ചടങ്ങ് നടന്നത്.
56 സി-295 ട്രാൻസ്‌പോർട്ട് വിമാനം വാങ്ങാൻ എയർബസ് ഡിഫൻസ് ആൻഡ് സ്‌പേസുമായി ഏകദേശം 21,000 കോടിയുടെ കരാർ ഇന്ത്യ ഒപ്പിട്ടത് 2021 സെപ്റ്റംബറിലാണ്. കരാർ പ്രകാരം ആദ്യ 16 വിമാനങ്ങൾ അടുത്ത രണ്ട് വർഷത്തിനകം സ്‌പെയ്‌നിൽ തന്നെ നിർമിച്ച് ഇന്ത്യയ്ക്ക് കൈമാറും. ബാക്കിയുള്ള 40 വിമാനങ്ങൾ ടാറ്റയുടെ പ്രതിരോധനിർമാണ വിഭാഗമായ ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ് (ടി.എ.എസ്.എൽ.) ഇന്ത്യയിൽ നിർമിക്കും.
സ്വകാര്യ കമ്പനിയുടെ സഹായത്തോടെ ഇന്ത്യയിൽ സേനാ വിമാനങ്ങൾ നിർമിക്കുന്നത് ആദ്യമായാണ്. ഗുജറാത്തിലെ വഡോദരയിലെ നിർമാണ പ്ലാന്റിൽനിന്ന് അടുത്ത 10 വർഷത്തിനുള്ളിൽ 40 വിമാനങ്ങളുടെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വ്യോമസേന നിലവിൽ ഉപയോഗിക്കുന്ന പഴക്കംചെന്ന അവ്‌റോ-748 വിമാനങ്ങൾക്കു പകരമായാണ് സി- 295 ട്രാൻസ്‌പോർട്ട് വിമാനങ്ങൾ എത്തുന്നത്. 5-10 ടൺ ഭാരം വരെ വഹിക്കാൻ ഈ വിമാനങ്ങൾക്ക് കഴിവുണ്ട്. 70 പേർക്ക് ഇതിൽ യാത്ര ചെയ്യാൻ കഴിയും.

