തൃശൂർ: കരുവന്നൂർ കേസിൽ ഇഡി അന്വേഷണത്തിനെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ച് തൃശൂരിലെ എൽഡിഎഫ്. എ സി മൊയ്തീൻ ഉൾപ്പടെയുള്ള സിപിഎം നേതാക്കൾക്കെതിരെ അന്വേഷണം തുടരുന്നതിനിടെയാണ് തൃശൂരിൽ എൽഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചത്. കരുവന്നൂർ തട്ടിപ്പിലെ ബിനാമി ഇടപാടിൽ ഇഡി കഴിഞ്ഞ ദിവസം എ സി മൊയ്തീനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് തൃശൂരിൽ സഹകാരികളുടെ പ്രതിഷേധ സംഗമം നടത്തിയത്.
കേന്ദ്ര സർക്കാർ സഹകരണമേഖലയെ തകർക്കാൻ അന്വേഷണ ഏജൻസിയെ ഉപയോഗിക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം. എ സി മൊയ്തീനും പ്രതിഷേധ സംഗമത്തിൽ ഹാജരായിരുന്നു. അതേസമയം, പി കെ ബിജുവിനെ ചോദ്യം ചെയ്യാൻ ഇഡി തീരുമാനിച്ചു. കേസിലെ മുഖ്യ പ്രതി പലിശക്കാരൻ വെളപ്പായ സതീശൻ മുൻ എംപിയുടെയും എംഎൽഎയുടെയും ചില പൊലീസ് ഉദ്യോഗസ്ഥരുടെയും ബിനാമിയാണെന്ന് ഇഡി കണ്ടെത്തി.

