ഡീസൽ വാഹനങ്ങൾക്ക് 10 ശതമാനം ജിഎസ്ടി വർദ്ധനവ് ഏർപ്പെടുത്തും; നിതിൻ ഗഡ്കരി

ന്യൂഡൽഹി: ഡീസൽ വാഹനങ്ങൾക്ക് 10 ശതമാനം ജിഎസ്ടി വർദ്ധനവ് ഏർപ്പെടുത്തും. കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. നികുതി വർദ്ധിപ്പിച്ചു കഴിഞ്ഞാൽ ഡീസൽ വാഹനങ്ങളുടെ വിൽപ്പന പ്രയാസമായിരിക്കുമെന്നും അതുകൊണ്ട് ഡീസൽ വാഹനങ്ങൾ ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഡീസൽ വാഹനങ്ങളോട് ഗുഡ് ബൈ പറയൂ, തങ്ങൾ ഇനിയും ടാക്സ് ഉയർത്തും. അത് നിങ്ങൾക്ക് പ്രയാസമുണ്ടാക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഡൽഹിയിൽ സൊസൈറ്റി ഒഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സിന്റെ 63-ാമത് വാർഷിക യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മോട്ടോർ വാഹന നിർമ്മാതാക്കൾ പരിസ്ഥിതി സൗഹാർദ്ദപരമായ ഇന്ധനങ്ങളായ എഥനോൾ, ഹൈഡ്രജൻ എന്നിവയിലധിഷ്ഠിതമായ വാഹനനിർമ്മാണത്തിൽ ഏർപ്പെടണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. അതേസമയം, ഡീസൽ വാഹനങ്ങളുടെയും, ജനറേറ്ററുകളുടെയും ജിഎസ്ടി 10 ശതമാനമായി വർദ്ധിപ്പിക്കണമെന്ന പ്രൊപ്പോസൽ ഗഡ്കരി കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമന് കൈമാറിയിട്ടുണ്ട്.