ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒറ്റപ്പെട്ടത് തന്നെ, ആഭ്യന്തരവകുപ്പ് ഗൂഢസംഘത്തിന്റെ പിടിയിലെന്ന ആരോപണം മാനസികാവസ്ഥയുടെ ഭാഗം: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒറ്റപ്പെട്ടതു തന്നെയാണെന്നും ആഭ്യന്തര വകുപ്പ് ഗൂഢസംഘത്തിന്റെ പിടിയിലെന്ന് പറയുന്നത് പ്രത്യേക മാനസികാവസ്ഥയുടെ ഭാഗമായി പറയുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഭ്യന്തരവകുപ്പ് ഒരു ഗൂഢസംഘത്തിന്റെയും പിടിയിലല്ല. രാഷ്ട്രീയ ആരോപണം മാത്രമാണ് അത്. അഭിമാനകരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലുവയില്‍ കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ നിന്നും അന്‍വര്‍ സാദത്ത് കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി നല്‍കുകയായിരുന്നു. മുഖ്യമന്ത്രിജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയാണ് സര്‍ക്കാര്‍ അഭിമാനകരമായി ചെയ്തുകൊണ്ടിരിക്കുന്നത്. അതില്‍ ഒരു ആക്ഷേപവും കേള്‍ക്കേണ്ടിവരുന്നില്ല. അതില്‍ ജനങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണ്. അത് കേവലം ആഭ്യന്തരവകുപ്പിന്റെ മാത്രം മേന്മയല്ല, നാടിന്റെ സംസ്‌കാരം കൂടിയാണ്. പൊതുരീതിയില്‍ നിന്ന് വ്യത്യസ്തമായ ഒരു നടപടിയുണ്ടായാല്‍ അതിന് വിട്ടുവീഴ്ചയില്ലാത്ത സമീപനം ജനങ്ങള്‍ സ്വീകരിക്കും. രാജ്യത്ത് നടക്കുന്ന പൊള്ളുന്ന പല അനുഭവങ്ങളും നമ്മുടെ നാട്ടിലില്ല.ആലുവയില്‍ നടന്ന സംഭവത്തില്‍ നമ്മുടെ നാട് അപലപിക്കുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങളില്‍ ഉത്തരവാദികളെ എത്രയും വേഗം പിടികൂടണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങളുണ്ട്. എങ്കിലും വിവരശേഖരണത്തിന് പരിമിതികളുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.