വാഷിംഗ്ടൺ: 2001 സെപ്റ്റംബർ 11 അമേരിക്കയ്ക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ദിവസമാണ്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭയാനകമായ ഭീകരാക്രമണത്തിന് ലോകം സാക്ഷ്യം വഹിക്കേണ്ടി വന്ന ദിവസമാണത്. 9/11 ഭീകരാക്രമണം നടന്നിട്ട് 22 വർഷം ആകുകയാണ്. ന്യൂയോർക്ക് സിറ്റിയിലും വാഷിംഗ്ടൺ ഡിസിയിലുമായി നടന്ന ആക്രമണത്തിൽ 3000ലധികം പേർ കൊല്ലപ്പെട്ടിരുന്നു. ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിലേക്കും വീർജിനിയയിലെ പെന്റഗൺ കേന്ദ്രത്തിലുമാണ് ഭീകരർ ആക്രമണം നടത്തിയത്. ഈ കേന്ദ്രങ്ങളിലേക്ക് വിമാനം ഇടിച്ചിറക്കിയായിരുന്നു ആക്രമണം നടത്തിയത്.
ഖാലിദ് ഷെയ്ഖ് മുഹമ്മദ് ആണ് 9/11 ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്നാണ് കരുതപ്പെടുന്നത്. മുസ്ലീം ബ്രദർഹുഡിന്റെ സജീവ പ്രവർത്തകനായിരുന്നു ഇയാൾ. 1990കളിൽ അമേരിക്കയിൽ വിമാനങ്ങൾ തകർത്ത് ആക്രമണം നടത്തുക എന്ന പദ്ധതിയുമായാണ് ഖാലിദ് എത്തിയത്. എന്നാൽ ഈ ഉദ്യമം പരാജയപ്പെട്ടതോടെ ഖാലിദ് അൽഖ്വയ്ദ നേതാവ് ഒസാമ ബിൻലാദനവുമായി കൈകോർത്തു. അതിന്റെ ഫലമാണ് 9/11 ആക്രമണമെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ലോകമെമ്പാടു നിന്നുമുള്ള ഏകദേശം 2,753 പേർ, ഗ്രൗണ്ട് സീറോയിൽ, ആദ്യ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. പെന്റഗൺ ആക്രമണത്തിൽ 184 പേർ മരിച്ചു. ഭീകരർ റാഞ്ചിയ മറ്റൊരു വിമാനം പെൻസിൽവാനിയായിലെ സോമർസെറ്റ് കൌണ്ടിയിലുള്ള ഒരു പാടശേഖരത്തിൽ തകർന്നു വീണു. ഈ വിമാനം വൈറ്റ് ഹൗസ് ലക്ഷ്യമാക്കിയാണ് നീങ്ങിയെതെന്നാണ് നിഗമനം. അതേസമയം ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് പേരേ കൂടി ഇപ്പോൾ തിരിച്ചറിഞ്ഞുവെന്ന വിവരവും പുറത്തു വരുന്നുണ്ട്.
ആക്രമണം നടന്ന് പതിറ്റാണ്ടുകൾക്കിപ്പുറമാണ് ഈ വാർത്ത പുറത്തുവരുന്നത്. 9/11 ആക്രമണത്തിന് 22 വയസ്സ് തികയുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് കൊല്ലപ്പെട്ട രണ്ട് പേരെ കൂടി തിരിച്ചറിഞ്ഞത്. ഒരു സ്ത്രീയുടെയും പുരുഷന്റെയും അവശിഷ്ടങ്ങളാണ് തിരിച്ചറിഞ്ഞത്. ആക്രമണത്തിൽ കൊല്ലപ്പെട്ട ഏകദേശം 1649 പേരെയാണ് ന്യൂയോർക്ക് സിറ്റിയിലെ മെഡിക്കൽ എക്സാമിനർക്ക് തിരിച്ചറിയാൻ സാധിച്ചത്. കൊല്ലപ്പെട്ടവരെ തിരിച്ചറിയാൻ ഡിഎൻഎ സ്വീകൻസിംഗ് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ച് വരുന്നത്. 9/11 ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ആയിരത്തിലധികം പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർക്കുന്നു.

