പി.വി അന്‍വറിനെതിരെ ഗുരുതര കണ്ടെത്തലുമായി ലാന്‍ഡ് ബോര്‍ഡ്

കോഴിക്കോട്: നിലമ്പൂർ എംഎൽഎ പി.വി അന്‍വര്‍ ഗുരുതര കണ്ടെത്തലുമായി താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ്. പിവിആര്‍ എന്റര്‍ടൈന്‍മെന്റ്‌സ് എന്ന പേരില്‍ എന്ന പേരില്‍ പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനം തുടങ്ങിയത് ഭൂപരിധി നിയമം മറികടക്കാനാണെന്നാണ് ലാൻഡ് ബോർഡിന്റെ കണ്ടെത്തല്‍. അൻവറിനെതിരായ മിച്ചഭൂമി കേസിൽ താമരശേരി ലാൻഡ് ബോർഡ് നടത്തിയ സിറ്റിംഗിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.

അന്‍വറും ഭാര്യ അഫ്‌സത്തും ചേര്‍ന്നാണ് പിവിആര്‍ എന്റര്‍ടൈന്‍മെന്റ്‌സ് എന്ന പേരില്‍ പാര്‍ടണര്‍ഷിപ്പ് സ്ഥാപനം തുടങ്ങിയത്. അൻവറിന്റെ ഭാര്യയുടെ പേരിൽ സ്ഥാപനം രൂപീകരിച്ചതിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും കണ്ടെത്തലുണ്ട്.

അന്‍വര്‍ ഭൂപരിധി നിയമം ലംഘിച്ചുകൊണ്ട് അധിക ഭൂമി കൈവശം വെക്കുന്നുവെന്ന് ആരോപിച്ച് കെ.വി ഷാജി നല്‍കിയ പരാതിയിലാണ് ലാന്‍ഡ് ബോര്‍ഡ് സിറ്റിംങ് നടത്തിയത്. അന്തിമ റിപ്പോര്‍ട്ട് പ്രകാരം 15 ഏക്കര്‍ ഭൂമി കണ്ടുകെട്ടാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 27 ഏക്കര്‍ ഭൂമിയാണ് അന്‍വറിന്റെ പക്കലുള്ളത്. കെഎൽആർ ആക്ടിലെ വകുപ്പ് 83 മറികടക്കാനാണ് സ്ഥാപനം തുടങ്ങിയത് എന്നും റിപ്പോർട്ടിലുണ്ട്. ഇത് പാർടണർഷിപ്പ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യാത്തതാണ്. ഡീഡ് ഓഫ് പാർടണർഷിപ്പിന് വേണ്ടി ഉപയോഗിച്ച 5000 രൂപയുടെ മുദ്രപത്രം കരാറിൽ ഏർപ്പട്ടവരുടെ പേരിലല്ല. സ്റ്റാമ്പ് പേപ്പർ വാങ്ങിയത് മൂന്നാം കക്ഷിയുടെ പേരിലെന്നും കണ്ടെത്തലുണ്ട്. ഇത് കേരളാ സ്റ്റാമ്പ് ആക്ടിന്റെ ലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഏഴ് ദിവസത്തിനകം പരാതിക്കാർക്കും അൻവറിനും അവരുടെ ഭാഗങ്ങൾ അവതരിപ്പിക്കനുള്ള സാവകാശമുണ്ട്.