കൊച്ചി: സമുദ്രമത്സ്യ ജനിതക പഠനത്തിൽ നിർണായക ചുവടുവെയ്പുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). മത്തിയുടെ ജനിതകഘടനയുടെ (ജീനോം) സമ്പൂർണ ശ്രേണീകരണം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഇന്ത്യയിലാദ്യമായാണ് ഒരു കടൽമത്സ്യത്തിന്റെ ജനിതകഘടന കണ്ടെത്തുന്നത്. ഇന്ത്യൻ സമുദ്രമത്സ്യ മേഖലയിലെ നാഴികക്കല്ലാണിതെന്നാണ് സിഎംഎഫ്ആർഐ വ്യക്തമാക്കിയിട്ടുള്ളത്. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ ആണ് ഇക്കാര്യം അറിയിച്ചത്.
ഈ ജനിതകരഹസ്യം മത്തിയുടെ ഫലപ്രദമായ പരിപാലനത്തിന് ഏറെ സഹായകരമാകുമെന്നാണ് വിലയിരുത്തൽ. മത്തിയുടെ പൂർണമായ ജീവശാസ്ത്രം, പരിണാമം എന്നിവ കൃത്യമായി മനസ്സിലാക്കാൻ കഴിയും. ഇത് മത്തിയുടെ പരിപാലനവും സംരക്ഷണവും കൂടുതൽ എളുപ്പമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
കടലിലെ ഏതൊക്കെതരം പ്രത്യേകതകളാണ് മത്തിയെ സ്വാധീനിക്കുന്നതെന്ന് തിരിച്ചറിയാനും ഇതിലൂടെ ഇടയ്ക്കിടെയുണ്ടാകുന്ന മത്തിയുടെ ഏറ്റക്കുറച്ചിലുകൾക്ക് പിന്നിലെ കാരണങ്ങളറിയാനും സഹായിക്കും. കാലാവസ്ഥാവ്യതിയാനം ഏതൊക്കെ രീതിയിലാണ് സമുദ്രസമ്പത്തിന് ഭീഷണിയാകുന്നതെന്ന് കണ്ടെത്താനും പുതിയ കണ്ടെത്തൽ ഉപകരിക്കും.