ഓണക്കാല സർവീസ്; വരുമാന നേട്ടവുമായി കെഎസ്ആർടിസി

തിരുവനന്തപുരം: ഓണക്കാല സർവീസിൽ വരുമാന നേട്ടവുമായി കെഎസ്ആർടിസി. 70.97 കോടി രൂപയാണ് ഓഗസറ്റ് 26 മുതൽ സെപ്റ്റംബർ നാല് വരെയുള്ള ദിവസങ്ങളിൽ കെഎസ്ആർടിസി നേടിയ വരുമാനം. 8.79 കോടി രൂപയാണ് ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനമായ തിങ്കളാഴ്ച മാത്രം കെഎസ്ആർടിസി നേടിയ വരുമാനമെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

2023 ജനുവരി 16 ന് ശബരിമല സീസണിൽ ലഭിച്ച 8.48 കോടി എന്ന റെക്കോഡ് വരുമാനമാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്. ഓഗസറ്റ് 26 മുതൽ സെപ്റ്റംബർ നാല് വരെയുള്ള പത്ത് ദിവസങ്ങളിൽ അഞ്ച് ദിവസവും വരുമാനം ഏഴ് കോടി കടന്നു. അതേസമയം, മാനേജ്‌മെന്റും ജിവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമാണ് റെക്കോർഡ് വരുമാനമെന്ന് കെഎസ്ആർടിസി സിഎംഡി വ്യക്തമാക്കി.

നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ജീവനക്കാരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. കൂടുതൽ ബസുകൾ നിരത്തിലിറക്കി ഒൻപത് കോടി രൂപയെന്ന പ്രതിദിന വരുമാനമാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. കൂടുതൽ പുതിയ ബസുകൾ എത്തുന്നതിൽ നേരിടുന്ന കാലതാമസമാണ് ഇതിന് തടസ്സമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.