ദില്ലി : തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുന്നതിൽ തടസമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പില്‍ കമ്മീഷന്റെ നിലപാട് നിര്‍ണ്ണായകമാകുമ്പോഴാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പച്ചക്കൊടി കാട്ടുന്നത്. ഭരണഘടനയിലും, ജനപ്രാതിനിധ്യ നിയമത്തിലുമുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്താനാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വ്യക്തമാക്കി. നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതില്‍ തടസമില്ലെന്നാണ് കമ്മീഷന് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഭരണഘടനയിലും, ജനപ്രാതിനിധ്യ നിയമത്തിലും വേണ്ട ഭേദഗതികള്‍ പ്രത്യേക സമിതി ഇപ്പോൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അതനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും രാജീവ് കുമാർ പറഞ്ഞു.ഒരു രാജ്യം ഒരു തെരഞ്ഞടുപ്പിന്റെ നടത്തിപ്പില്‍ പ്രത്യേക സമിതി രൂപീകരിച്ചതിനൊപ്പം സര്‍ക്കാര്‍ തുല്യപ്രാധാന്യം നല്‍കിയത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനായിരുന്നു. ഇതിനായി നിയോഗിച്ച പ്രത്യേക സമിതിയും കമ്മീഷന്റെ നിലപാട് തേടും.
തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തിയാൽ ഭാരിച്ച പണച്ചലെവ് കുറയ്ക്കാനും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ ജോലി ഭാരം കുറക്കാനും സാധിക്കും എന്നാണ് കമ്മീഷൻ വിലയിരുത്തുന്നത്. ഒന്നിച്ചുള്ള തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടർമാർ അവരുടെ അവകാശം വിനിയോഗിക്കുമെന്നും അതുവഴി പോളിംഗ് ശതമാനം ഗണ്യമായി കൂട്ടാനാകുമെന്നും കമ്മീഷൻ പറഞ്ഞു.
എന്നാൽ പ്രധാന കക്ഷികളെല്ലാം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ എതിർക്കുന്നത് പ്രതിസന്ധിയായേക്കും. അതേ സമയം രാംനാഥ് കൊവിന്ദ് അധ്യക്ഷനായ സമിതി അടുത്തയാഴ്ച വീണ്ടും യോഗം ചേരാൻ സാധ്യതയുണ്ട്. പ്രാഥമിക ചർച്ച നടന്ന ആദ്യ യോഗത്തിൽ 8 അംഗസമിതിയിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉൾപ്പടെ നാല് പേർ മാത്രമാണ് പങ്കെടുത്തത്.

