വീടിന് സമീപം ഓഫീസ് സൗകര്യമൊരുക്കി ഐ.ടി അനുബന്ധമേഖലകളിൽ തൊഴിലവസരമൊരുക്കാൻ സർക്കാർ. ഡിസ്കിന്റെ 1000 കോടിയുടെ ‘വർക്ക് നിയർ ഹോം’ പദ്ധതിക്ക് അംഗീകാരം നൽകി കിഫ്ബി. വിദ്യാസമ്പന്നരായ ഒരു ലക്ഷം പേർക്കായിരിക്കും സൗകര്യംഒരുക്കുക. സർവേ നടപടികൾ പുരോഗമിക്കുന്നു. ഒന്നരമാസത്തിനുളിൽ വേണ്ട നടപടികൾ തുടങ്ങും. നാലു വർഷം കൊണ്ട് പൂർത്തിയാക്കുമെന്നും ബന്ധപെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് നിർവഹണച്ചുമതലയുള്ള പദ്ധതി കേരള നോളജ് എക്കോണമി മിഷനാണ് പദ്ധതി തയ്യാറാക്കിയത്. ഐ.ടി, ക്രിയേറ്റീവ് എക്കോണമി (ഓൺലൈൻ മാർക്കറ്റിംഗ് പോലുള പ്രവൃത്തികൾ), ഭക്ഷ്യസംസ്കരണം തുടങ്ങി വ്യത്യസ്ത മേഖലകളിലെ സംരംഭങ്ങളാവും വരിക.
ഒറ്റയ്ക്കും കൂട്ടായും ജോലി സ്ഥലം തിരഞ്ഞെടുക്കാനും വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, ഫ്രീലാൻസർമാർ, സംരംഭകർ തുടങ്ങിയവർക്ക് ഒരുകുടക്കീഴിൽ പ്രവർത്തിക്കാനുമെല്ലാം പദ്ധതി പ്രവർത്തികമാകുന്നതോടെ സാധിക്കും. വീഡിയോ കോൺഫറൻസിംഗ്, വൈദ്യസഹായം, റിക്രിയേഷൻ, വ്യായാമം തുടങ്ങിയ സൗകര്യങ്ങളും ഏർപ്പെടുത്തുമെന്നും വിവരമുണ്ട്.
ഓഫീസുകൾക്കുള്ള സ്ഥലം കണ്ടെത്തേണ്ട ചുമതല അതാത് തദ്ദേശ സ്ഥാപനങ്ങൾക്കാണ്. ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങളും ഓഫീസുകൾക്കായി പരിഗണിക്കും. ഓഫീസുകളിലെ വരുമാനം ഉപയോഗിച്ച് തദ്ദേശ സ്ഥാപനങ്ങൾ തന്നെ കിഫ്ബി മുതൽമുടക്ക് തിരിച്ചടയ്ക്കുകയും ചെയ്യണം.
സൂക്ഷ്മ, ചെറുകിട, കമ്മ്യൂണിറ്റി എന്നിങ്ങനെ 1145 വർക്ക് നിയർ ഓഫീസുകളുടെ ശൃംഖലയാണ് വരുന്നത്. സൂക്ഷ്മ വിഭാഗത്തിൽ 675, മറ്റു വിഭാഗങ്ങളിൽ 400, 70 ഓഫീസുകൾ എന്നിങ്ങനെയാണ് ഓഫീസുകൾ. സൂക്ഷ്മ വിഭാഗത്തിൽ 15 മുതൽ 50 പേർക്ക് വരെ ഉപയോഗിക്കാവുന്ന 2000 ചതുരശ്ര അടി ഓഫീസായിരിക്കും ഇതിന് ഏകദേശം നിർമ്മാണച്ചെലവ് 50 ലക്ഷം മുതലാണ്.
ചെറുകിട ഓഫീസുകൾക്ക് 5000 – 10,000 ചതുരശ്ര അടി വിസ്തൃതിയുണ്ടാവും 51 മുതൽ 100 പേർക്കുവരെ ഉപയോഗിക്കാവുന്ന രീതിയിലായിരിക്കും നിർമ്മാണം. ചെലവ് ഏകദേശം ഒരു കോടി മുതൽ.
കമ്യൂണിറ്റി വിഭാഗത്തിൽ 100 – 250 പേർക്ക് ജോലി ചെയ്യാം. വിസ്തൃതി 25,000 ച.അടി. മുനിസിപ്പൽ, കോർപ്പറേഷൻ മേഖലയിലും ബ്ലോക്കുകളിലും നിർമ്മിക്കും.ഇതിന് ചെലവ് 3.75 കോടി മുതലാണ്.

