ചൈനയിലും മറ്റു വിദേശ രാജ്യങ്ങളിലെയും ഗ്ലാസ് ബ്രിഡ്ജുകൾ കണ്ട് എന്നെങ്കിലും അതിൽ കേറിയാൽ കൊള്ളാം എന്ന് തോന്നിയിട്ടുണ്ടോ? എങ്കിൽ ഇനി റീൽസിൽ മാത്രം ഗ്ലാസ് ബ്രിഡ്ജ് കണ്ട് തൃപ്തി അടയണ്ട. സാഹസികതയുടെ പര്യായമായ ചില്ലുപാലം കാണാൻ ഇടുക്കിയിലെ വാഗമണ്‍ കോലാഹലമേട്ടില്‍ വന്നാൽ മതി. ബുധനാഴ്ച ഗ്ലാസ് ബ്രിഡ്ജ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ചില്ലുപാലം കൂടിയാണ് വാഗമണ്ണിലേത്. ഡി.ടി.പി.സി. നേതൃത്വത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അഡ്വഞ്ചര്‍ പാര്‍ക്കിലാണ് ഈ ക്യാന്‍ഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചിട്ടുള്ളത്. 40 മീറ്ററാണ് പാലത്തിന്റെ നീളം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ സാഹസികത ആസ്വദിക്കാവുന്ന അവസരം കൂടിയാണ് ഗ്ലാസ് ബ്രിഡ്ജ് ഒരുക്കുന്നത്.
ഒരേ സമയം 15 പേര്‍ക്ക് കയറാവുന്ന പാലത്തിൽ അഞ്ചുമുതല്‍ പരമാവധി 10 മിനിറ്റുവരെ നില്‍ക്കാന്‍ അനുവദിക്കും. പ്രായഭേദെമന്യേ എല്ലാവർക്കും 500 രൂപയാണ് ഫീസ് ആയി ഈടാക്കുന്നത്. ആകാശ ഊഞ്ഞാല്‍, സ്‌കൈ സൈക്ലിങ്, സ്‌കൈ റോളര്‍, റോക്കറ്റ് ഇജക്ടര്‍, ഫ്രീഫാള്‍, ജൈന്റ് സ്വിങ്, സിപ് ലൈന്‍ തുടങ്ങിയവയും പാര്‍ക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്.
പാലത്തിനായി ഏകദേശം മൂന്നുകോടി രൂപയാണ് ചെലവു വന്നത്. ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസാണ് പാലം നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 35 ടണ്‍ ഗ്ലാസ് പാലത്തിന്റെ നിർമാണത്തിനായി വേണ്ടിവന്നു.
ചില്ലുപാലം വാഗമണ്ണിലെ ടൂറിസത്തിന്റെ വികസനത്തിന് സഹായകമാവും എന്നാണ് വിലയിരുത്തൽ. ഭയത്തിനൊപ്പം സഹസിക്കാത ആസ്വദിക്കുന്നവർക്ക് മികച്ച ഒരു അനുഭവമാവും ഇത്. ഭയത്തിനപ്പുറം ജീവിതത്തില്‍ ഒരിക്കലും മറക്കാനിടയില്ലാത്ത കാഴ്ചകളിലാണ് ഗ്ലാസ് ബ്രിഡ്ജിലൂടെയുള്ള നടത്തം അവസാനിക്കുക. മുണ്ടക്കയം, കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലകളിലെ വിദൂരക്കാഴ്ചകൾ ഗ്ലാസ് ബ്രിഡ്ജിലൂടെയുള്ള നടത്തത്തിൽ ആസ്വദിക്കാം.

