ചെന്നൈ : കേരളത്തിൽ അക്രമണത്തിന് പദ്ധതിയിട്ടെന്ന കേസിൽ ഐഎസ്ഐഎസ് (ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ) തൃശൂർ മൊഡ്യൂൾ നേതാവിനെ അറസ്റ്റ് ചെയ്തു. ഐഎസ് തൃശൂർ മൊഡ്യൂൾ നേതാവ് സയീദ് നബീൽ അഹമ്മദിനെയാണ് ചെന്നൈയിൽ നിന്നും അറസ്റ്റു ചെയ്തത്. ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെയാണ് സയീദ് നബീൽ അഹമ്മദിനെ പിടികൂടുന്നത്.
കഴിഞ്ഞ കുറച്ചാഴ്ചകളായി ഇയാളെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു. ഒളിവിലായിരുന്ന നബീൽ അഹമ്മദിനെ എൻഐഎയുടെ പ്രത്യേക സംഘമാണു പിടികൂടിയത്. കർണാടകയിലും തമിഴ്നാട്ടിലുമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. വ്യാജ രേഖകളുമായി നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലാവുന്നത്. കേരളത്തിലെ പ്രധാന നഗരങ്ങളിൽ ഭീകരാക്രമണം നടത്താനായിരുന്നു സംഘം പദ്ധതിയിട്ടിരുന്നത്. ഇതിനായി പാലക്കാടും തൃശൂരും വച്ച് ഗൂഢാലോചനകൾ നടന്നിരുന്നതായും എന്‍ഐഎ വ്യക്തമാക്കി. നിർണായകമായ ഡിജിറ്റൽ തെളിവുകളും എൻഐഎ പിടിച്ചെടുത്തു. ജൂലൈയിൽ സത്യമംഗലത്ത് നിന്നും അഷ്റഫ് എന്നയാൾ പിടിയിലായത്തോടെയാണ് കേരളത്തിൽ ആക്രമണം നടത്താനുള്ള പദ്ധതിയെപ്പറ്റി എന്‍ഐഎക്ക് വിവരം ലഭിക്കുന്നത്.
കൊള്ളയടിക്കൽ ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ പണം കണ്ടെത്താനും ഇവർ നീക്കം നടത്തിയതായും വിവരം ലഭിച്ചു. ഇന്ത്യയിൽ പലയിടത്തും ആളുകളെ ചേർക്കുന്നതിന് ഐഎസ്ഐസ് നീക്കം നടത്തുന്നതായി എന്‍ഐഎ അറിയിച്ചു.

