രാജ്യത്തെ 13.5 കോടിയിലധികം ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറി; പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ 13.5 കോടിയിലധികം ആളുകൾ വെറും 5 വർഷത്തിനുള്ളിൽ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കൂടുതൽ പേർ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതോടെ രാജ്യത്ത് നവ-മധ്യവർഗം രൂപപ്പെട്ടുവരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ ഈ വിഭാഗം വളർച്ചയെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ തയ്യാറാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

താഴ്ന്ന വരുമാനമുള്ളതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളിലെ കടബാധ്യത ഉയർത്തുന്ന ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് 2023-ലെ ഇന്ത്യയുടെ ജി 20 അധ്യക്ഷപദവി, വളരെയധികം ഊന്നൽ നൽകിയിട്ടുണ്ട്. ഗ്ലോബൽ സൗത്തിന്റെ താൽപര്യങ്ങൾക്കായി നമ്മൾ ഉത്സാഹത്തോടെ വാദിക്കുന്നു. ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറി എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. എന്നാൽ നമ്മുടെ രാജ്യം അതിലേക്കെത്തിയ വഴിയാണ് അതിലേറ പ്രധാനമെന്ന് താൻ കരുതുന്നു. ജനങ്ങൾ വിശ്വസിക്കുന്ന ഒരു ഗവൺമെന്റ് ഉള്ളതുകൊണ്ടാണ് ഇത് നേടാനായത്. സർക്കാരാകട്ടെ, ജനങ്ങളുടെ കഴിവുകളിൽ വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി അറിയിച്ചു.

ജനങ്ങൾ തങ്ങളിൽ അത്ഭുതപൂർവമായ വിശ്വാസം അർപ്പിക്കുന്നത് തങ്ങൾക്ക് ഒരു പദവിയും ബഹുമതിയുമാണ്. അവർ തങ്ങൾക്ക് ഭൂരിപക്ഷം നൽകിയത് ഒരു തവണയല്ല, രണ്ട് തവണയാണ്. പല മേഖലയിലും ആഴത്തിലുള്ള പരിഷ്‌കാരങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞു. സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, സാമൂഹിക ശാക്തീകരണം, ക്ഷേമ വിതരണം, അടിസ്ഥാന സൗകര്യങ്ങൾ അങ്ങനെ തങ്ങൾ മാറ്റം കൊണ്ടുവന്ന മേഖലകൾ പലതാണ്. തൽഫലമായി, ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം വർഷം തോറും റെക്കോർഡുകൾ തകർക്കുന്നുവെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.