കൊല്ലം: തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ വിമർശനവുമായി കെ ബി ഗണേഷ്കുമാർ എംഎൽഎ. സനാതന ധർമത്തിനെതിരെ പ്രസ്താവന നടത്തിയതിനാണ് അദ്ദേഹം ഗണേഷ് കുമാറിനെതിരെ രംഗത്തെത്തിയത്. ഉദയനിധി സ്റ്റാലിൻ പറഞ്ഞത് വിഡ്ഢിത്തരമാണെന്നും എല്ലാ മതവിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും അതിന്റേതായ മൂല്യമുണ്ടെന്നും ഗണേഷ് കുമാർ അറിയിച്ചു.
മറ്റു മതങ്ങളുടെ വിശ്വാസങ്ങളെ, ആചാരങ്ങളെ ഒന്നും തന്നെ നമ്മൾ ചോദ്യം ചെയ്യുകയോ അധിക്ഷേപിക്കുകയോ ചെയ്യരുത്. അതേക്കുറിച്ചുള്ള സംഭാഷണങ്ങൾ ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ ഒരു മന്ത്രി നടത്തിയ പരാമർശങ്ങൾ ഒരുതരത്തിലും യോജിക്കാൻ സാധിക്കില്ല. അത്തരം വിഡ്ഢിത്തരങ്ങൾ കഴിയുന്നതും മന്ത്രിമാർ, ജനപ്രതിനിധികൾ പറയാതിരിക്കുന്നതാണ് നല്ലത്. അതു നമ്മുടെ ഒരു വിഷയമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്പോൾ കാണുന്നവരെ അച്ഛാ എന്നു വിളിക്കുന്ന പരിപാടി ആർക്കും നല്ലതല്ല. അയാൾക്ക് സിനിമയിൽ അഭിനയിക്കാൻ അറിയായിരിക്കും, രാഷ്ട്രീയം അറിയായിരിക്കും. പിന്നെ അപ്പൂപ്പന്റെ മോനായിട്ടും അച്ഛന്റെ മോനായിട്ടും വന്നതാണ്. അല്ലാതെ രാഷ്ട്രീയത്തിന്റെ അടിത്തട്ടിൽനിന്നു കിളച്ചും ചുമന്നും ഒന്നു വന്നയാളല്ല. അപ്പോൾ അങ്ങനെയുള്ള അനാവശ്യ പരമാർശങ്ങൾ ഒഴിവാക്കണം. എല്ലാ വിശ്വാസങ്ങൾക്കും വളരെ മൂല്യമുണ്ട്, വലിയ വിലയുണ്ട്. എല്ലാ മതങ്ങളുടെയും ആത്മീയ വിശ്വാസങ്ങൾക്കു വലിയ വിലയുണ്ട്, വലിയ അദ്ഭുതങ്ങൾ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് അതിനെ നിരസിച്ച്, തരംതാഴ്ത്തി സംസാരിക്കരുതെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

