ഇടുക്കി: സിപിഎമ്മിന്റെ പാർട്ടി ഓഫീസുകൾ അടച്ചുപൂട്ടാൻ ഒരു ശക്തിയേയും അനുവദിക്കില്ലെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്. മൂന്നാറിലെ സിപിഎം ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവന പാടില്ലെന്ന ഹൈക്കോടതി നിർദ്ദേശം നിലനിൽക്കെയാണ് സി വി വർഗീസ് ഇത്തരമൊരു പരാമർശം നടത്തിയിരിക്കുന്നത്.
അൻപത് വർഷക്കാലമായി പ്രവർത്തിക്കുന്ന ശാന്തൻപാറ ഏരിയ കമ്മറ്റി ഓഫീസാണ് അനധികൃതമാണെന്ന് പറയുന്നത്. വീട്ടിൽ പട്ടിണികിടക്കുമ്പോഴും പൈസ നൽകി സഖാക്കൾ നിർമ്മിച്ച ഓഫീസുകളാണിതെന്ന് സി വി വർഗീസ് പറഞ്ഞു. നിയമപരമായ വ്യവസ്ഥകൾ ഉപയോഗിച്ച് നേരിടുമെന്നും സി വി വർഗീസ് കൂട്ടിച്ചേർത്തു.
ശാന്തൻപാറ സിപിഎം ഓഫീസ് കേസിൽ പരസ്യപ്രസ്താവന പാടില്ലെന്നാണ് ഡിവിഷൻ ബെഞ്ച് നൽകിയിരുന്ന നിർദ്ദേശം. അമിക്കസ് ക്യൂരിക്കോ ജില്ലാ കലക്ടർക്കോ എതിരെയും സംസാരിക്കാൻ പാടില്ല. കോടതി ഉത്തരവുകൾ നടപ്പാക്കുകയാണ് ഇരുവരും ചെയ്യുന്നത്. ഇക്കാര്യത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അക്കാര്യം രേഖാമൂലം അറിയിക്കണമെന്നും കോടതി പറഞ്ഞിരുന്നു.
ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസിനെതിരെ കോടതിയലക്ഷ്യ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ശാന്തൻപാറയിൽ സിപിഎം ഓഫീസ് നിർമ്മിച്ചതിനാണ് കേസെടുത്തത്. ശാന്തൻപാറിയിലെ ഓഫീസ് ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

