തന്റെ പ്രസ്താവന ഹിന്ദു മതത്തിന് എതിരായല്ല; മാപ്പ് പറയില്ലെന്ന് ഉദയനിധി സ്റ്റാലിൻ

ന്യൂഡൽഹി: തന്റെ പ്രസ്താവന ഹിന്ദു മതത്തിന് എതിരായല്ലെന്ന് ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. സനാതന ധർമത്തിന്റെ ജാതിവിവേചനം പോലുള്ള സമ്പ്രദായങ്ങൾക്കെതിരെയാണ് താൻ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

ജാതിവിവേചനത്തിന്റെ സമീപ കാലത്തെ ഏറ്റവും വലിയ ഉദാഹരണമാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ പുതിയ പാർലമെന്റിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാതിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സനാതന ധർമത്തിൻറെ ഭാഗമായ ജാതിവിവേചനത്തിന് നിലവിലെ സാഹചര്യത്തിൽ ഒരു ഉദാഹരണം നൽകാമോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സനാതന ധർമത്തിനെതിരായ പ്രസ്താവനയിൽ മാപ്പ് പറയില്ലെന്നും അദ്ദേഹം അറിയിച്ചു.

സനാതന ധർമത്തെ കുറിച്ചുള്ള ഉദയനിധി സ്റ്റാലിന്റെ പരാമർശം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഉദയനിധിയുടെ പരാമർശം വംശഹത്യയ്ക്കുള്ള ആക്രമണമാണെന്ന് ആരോപണം ഉയർന്നിരുന്നു. തന്റെ പരാമർശങ്ങളുടെ പേരിൽ ഏത് നിയമനടപടിയും നേരിടാൻ തയ്യാറാണെന്ന് ഉദയനിധി സ്റ്റാലിൻ അറിയിച്ചിരുന്നു.