പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് ഒരു ചരിത്രവിജയമുണ്ടാകും; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഇടതുമുന്നണി ഗവൺമെന്റിനെതിരെയുള്ള ജനങ്ങളുടെ വിലയിരുത്തലാണ് പുതുപ്പള്ളി ഫലത്തിലുണ്ടാകുകയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് ഒരു ചരിത്രവിജയമുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

ചാണ്ടി ഉമ്മന് ചരിത്രവിജയം ലഭിക്കും. പുതുപ്പള്ളിയിലെ ജനങ്ങൾ സംസ്ഥാനത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ജനകീയ പ്രശ്‌നങ്ങളിൽ നിന്നും ഒളിച്ചോടുന്ന, അഴിമതിയും കൊള്ളയും നടത്തുന്ന സർക്കാരിനെതിരെ വോട്ടുചെയ്യും സർക്കാരിനെതിരെയുളള വിലയിരുത്തലാകും ഈ ഉപതെരഞ്ഞടുപ്പെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉച്ചക്കഞ്ഞി കൊടുക്കാൻ പോലും കേരളത്തിലെ ഗവൺമെന്റ് തയ്യാറാകുന്നില്ല. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയ്ക്ക് 80 ലക്ഷം മാറ്റിവയ്ക്കുന്നു. സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഉച്ചക്കഞ്ഞി കൊടുക്കാൻ പണമില്ല, 3 മാസമായി കുടിശ്ശികയാണ്. പാർശ്വവത്ക്കരിക്കപ്പെട്ടവരുടെയും സാധാരണക്കാരന്റെയും മക്കളാണ് സ്‌കൂളിലെ ഉച്ചക്കഞ്ഞി കഴിക്കുന്നത്. അതിനുള്ള സംവിധാനം ഒരുക്കുന്നതിൽ വീഴ്ച വരുത്തുന്ന സർക്കാരിനെതിരെ ശക്തമായ വികാരം ഉയർന്നു വരുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.