തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട നീക്കവുമായി സർക്കാർ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ധന സെക്രട്ടറിയും കെഎസ്ഇബി ചെയർമാനും പുറത്തു നിന്നു വൈദ്യുതി വാങ്ങുന്ന കാര്യം സംബന്ധിച്ച് ചർച്ച നടത്തി. വിവിധ ടെണ്ടറുകൾ വിളിച്ചെങ്കിലും സ്വകാര്യ കമ്പനികൾ ഉയർന്ന നിരക്ക് ആവശ്യപ്പെടുന്ന പശ്ചാത്തലത്തിൽ, റദ്ദാക്കിയ 465 മെഗാവാട്ടിന്റെ 4 കരാറുകൾ പുനഃസ്ഥാപിക്കാൻ കഴിയുമോയെന്ന കാര്യം സർക്കാർ പരിശോധിക്കുന്നുണ്ട്.
റദ്ദാക്കിയ കരാർ അനുസരിച്ച് വൈദ്യുതി ലഭിക്കുന്നത് യൂണിറ്റിന് 4.29 രൂപയ്ക്കായിരുന്നു. ഇപ്പോൾ കമ്പനികൾ ആവശ്യപ്പെടുന്നത് 7.30 രൂപയ്ക്ക് മുകളിലാണ്. എൻടിപിസിയാണ് 300 മെഗാവാട്ടിന്റെ ഹ്രസ്വകാല ടെണ്ടർ ഇന്ന് തുറന്നപ്പോൾ കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാൻ സന്നദ്ധത അറിയിച്ചത്.
സെപ്റ്റംബറിലേക്ക് 7.60 രൂപയ്ക്കും ഒക്ടോബറിൽ 7.87രൂപയ്ക്കും വൈദ്യുതി നൽകാമെന്ന് കമ്പനി സമ്മതിച്ചിട്ടുണ്ട്. തുടക്കത്തിൽ ഇതിലും ഉയർന്ന തുകയാണ് ആവശ്യപ്പെട്ടിരുന്നത്. കമ്പനിയുമായുള്ള ചർച്ചകൾ പൂർത്തിയായി. എന്നാൽ, വൈദ്യുതി വാങ്ങുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

