ജെയ്ക്ക് സി തോമസിന്റെ ഭാര്യക്കെതിരായ സൈബർ അധിക്ഷേപം; ഫെയ്സ്ബുക്ക് പേജിന്റെ അഡ്മിനെതിരെ കേസ്

കോട്ടയം: പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസിന്റെ ഭാര്യ ഗീതുവിനെതിരായ സൈബർ അധിക്ഷേപത്തിൽ കേസെടുത്ത് പോലീസ്. ഫാന്റം പൈലി’ എന്ന ഫെയ്സ്ബുക്ക് പേജിന്റെ അഡ്മിനെതിരേയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മണർകാട് പോലീസാണ് കേസെടുത്തത്.

സൈബർ അധിക്ഷേപം മാനസികമായി ഏറെ വിഷമിപ്പിച്ചെന്നും നിയമനടപടികളിൽ പ്രതീക്ഷയുണ്ടെന്നും ഗീതു വ്യക്തമാക്കി. ഗർഭിണിയാണെന്ന് പറയപ്പെടുന്ന ഭാര്യ എന്നരീതിയിലാണ് പ്രചരണമുണ്ടായത്. ഒരു ഗർഭിണിയായ സ്ത്രീയെന്ന നിലയിൽ അത് ഏറെ വിഷമമുണ്ടാക്കി. മനസുകൊണ്ട് അതിനെ മറികടന്നു. ഇപ്പോഴും അതിന്റെ വിഷമവും ബുദ്ധിമുട്ടും ഉണ്ടെന്നും രണ്ടാഴ്ച കഴിഞ്ഞാൽ ഡെലിവറിയാണെന്നും ഗീതു പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഗർഭിണിയായ ഭാര്യയെ ഇറക്കി സഹതാപമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന രീതിയിലായിരുന്നു സൈബർ ആക്രമണം നടന്നത്. ജെയ്കിനൊപ്പം ഗീതു അടുത്തുള്ള വീടുകളിൽ പ്രചാരണത്തിനിറങ്ങിയിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ മോശമായ രീതിയിൽ പ്രചരിപ്പിച്ചെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.