സനാതനധർമം പരാമർശം; എല്ലാ മതങ്ങൾക്കും ഓരോ വികാരങ്ങളാണ് ഉള്ളതെന്ന് മമത ബാനർജി

കൊൽക്കത്ത: ഉദയനിധി സ്റ്റാലിന്റെ സനാതനധർമം പരാമർശത്തെ എതിർത്ത് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. എല്ലാ മതങ്ങൾക്കും ഓരോ വികാരങ്ങളാണ് ഉള്ളതെന്ന് മമതാ ബാനർജി വ്യക്തമാക്കി. ഒരു വിഭാഗം ആളുകളെ വേദനിപ്പിക്കുന്ന ഒരു കാര്യത്തിലും നമ്മൾ ഇടപെടരുതെന്നും മമത ആവശ്യപ്പെട്ടു.

ജനവിഭാഗങ്ങളെ വ്രണപ്പെടുത്തുന്ന ഒരു കാര്യത്തിലും അഭിപ്രായം പറയരുതെന്ന് എല്ലാവരോടും മമത അഭ്യർത്ഥിക്കുകയും ചെയ്തു. അതേസമയം, സനാതന ധർമത്തേക്കുറിച്ചുള്ള പരാമർശം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി ഉദയനിധി സ്റ്റാലിൻ അറിയിച്ചു. തന്റെ പരാമർശനത്തിന്റെ പേരിൽ എന്ത് നടപടിയുണ്ടായാലും നേരിടാൻ തയ്യാറാണെന്ന് ഉദയനിധി വ്യക്തമാക്കി.

താൻ സനാതന ധർമത്തെ മാത്രമാണ് വിമർശിച്ചത്. സനാതന ധർമം ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്നാണ് താൻ പറഞ്ഞത്. ഇത് താൻ ഇനിയും പറഞ്ഞുകൊണ്ടിരിക്കും. തന്റെ വാക്കുകൾ വളച്ചൊടിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണ് ബിജെപിയെന്നും ഉദയനിധി പറഞ്ഞു. ഉദയനിധിയുടെ പരാമർശം വംശഹത്യയ്ക്കുള്ള ആഹ്വാനമാണെന്ന ബിജെപിയുടെ വിമർശനത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.