സംസ്ഥാനത്തെ ഭരണ സംവിധാനത്തെ രൂക്ഷമായി വിമർശിച്ച് മുൻ ധനമന്ത്രി ടിഎം തോമസ് ഐസക്. ചിന്ത വാരികയിൽ എഴുതിയ ലേഖനത്തിൽ ആണ് അദ്ദേഹത്തിന്റെ വിമർശനം.
സേവന നിലവാരത്തെക്കുറിച്ചുള്ള ജനങ്ങളുടെ പരാതികളേറുകയാണെന്നും വ്യവസായ പ്രോത്സാഹന ഏജൻസികളുടെ പ്രവർത്തനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ പിന്നിലാണ്. റെഗുലേറ്ററി വകുപ്പുകൾ പലപ്പോഴും ജനവിരുദ്ധമാകുന്നുണ്ട് കാലോചിതമായി നടത്തേണ്ട പരിഷ്കരണങ്ങൾ ഈ രംഗത്ത് ഉണ്ടായിട്ടില്ല എന്നതിന്റെ ഫലമായിട്ടാണ് നമ്മുടെ ഭരണയന്ത്രം തുരുമ്പിച്ചതും വേണ്ടത്ര ജന സൗഹാർദ്ദപരമല്ലാത്തതുമായ അവസ്ഥ ഉണ്ടായിട്ടുള്ളത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊലീസിനെതിയെും നിശിതമായി വിമർശിച്ച അദ്ദേഹം കാലഹരണപ്പെട്ട ചട്ടങ്ങൾ മാറ്റുന്നില്ലെന്നും ആരോപിച്ചു.
വൻകിട പ്രൊജക്ടുകൾ ഫലപ്രദമായി നടപ്പാക്കുന്നതിനു ഭരണയന്ത്രം പ്രാപ്തമല്ലെന്നും സേവനമേഖലയിലെ രണ്ടാംതലമുറ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. കാർഷിക മേഖലയിലെ വളർച്ച രൂക്ഷമായ മുരടിപ്പിൽ തുടരുകയാണ്. പ്രതികൂലമായ കമ്പോള സ്ഥിതിയാണ് അതിന്റെ അടിസ്ഥാന കാരണം. ഇതിനെ മറികടക്കത്തക്കരീതിയിൽ ഉൽപാദനക്ഷമതയും ഉൽപാദനവും ഉയർത്തുന്നതിനുള്ള പാക്കേജ് ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്നില്ല’
ഭരണപരിഷ്കരണവുമായി ബന്ധപ്പെട്ട ചരിത്രം പരിശോധിച്ചാൽ ഇടതുപക്ഷ സർക്കാരുകൾ ഇത്തരം പരിശ്രമങ്ങൾ ഓരോ ഘട്ടത്തിലും സ്വീകരിച്ചിരുന്നു എന്നും വലതുപക്ഷ സർക്കാരുകൾ അതിനെ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകാൻ തയ്യാറായിരുന്നില്ല എന്നും കാണാനാകുമെന്നും അദ്ദേഹം കുറിച്ചു.

