ന്യൂഡൽഹി: സെപ്റ്റംബർ 18നു ചേരുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ സർക്കാരിനു വലിയ പദ്ധതികളുണ്ടെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. പൊതുതിരഞ്ഞെടുപ്പ് നേരത്തെയാക്കാൻ കേന്ദ്രസർക്കാരിന് ഒരു പദ്ധതിയുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പുകൾ വൈകിപ്പിക്കുമെന്നതും നേരത്തെയാക്കുമെന്നതും മാധ്യമങ്ങളുടെ അനുമാനം മാത്രമാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്താനായി വൈകിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തെപ്പറ്റി പഠിക്കാനായി കേന്ദ്ര സർക്കാർ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. മാനദണ്ഡങ്ങൾ അന്തിമമാക്കുന്നതിനു മുൻപ് കമ്മിറ്റി ചർച്ചകൾ നടത്തും. ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ കമ്മിറ്റിയിൽ അധിർ രഞ്ജൻ ചൗധരിയും ഭാഗമാകണമെന്നായിരുന്നു സർക്കാർ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

