സൗരകൊടുങ്കാറ്റ് ഭൂമിയെ ലക്ഷ്യമാക്കി അടുക്കുന്നു; മുന്നറിയിപ്പുമായി അമേരിക്ക

ന്യൂയോർക്ക്: സൗരകൊടുങ്കാറ്റ് ഭൂമിയെ ലക്ഷ്യമാക്കി അടുക്കുന്നുവെന്ന അറിയിപ്പുമായി അമേരിക്കയുടെ ദേശീയ കാലാവസ്ഥാ പ്രവചന കേന്ദ്രം. ഓഗസ്റ്റ് മൂന്നിന് കാന്തിക കൊടുങ്കാറ്റ് ഭൂമിയുടെ കാന്തിക മണ്ഡലവുമായി സമ്പർക്കത്തിൽ വരുമെന്നാണ് അമേരിക്കൻ ദേശീയ കാലാവസ്ഥാ പ്രവചന കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.

ജി1 വിഭാഗത്തിൽപ്പെടുത്തിയിരിക്കുന്ന നേരിയ സൗരകൊടുങ്കാറ്റാണ് വീശാൻ സാധ്യത. അതിനാൽ ഭൂമിയിലെ ജീവജാലങ്ങൾക്ക് ഏതൊരു വിധത്തിലുമുള്ള അപകടസാദ്ധ്യത ഉയർത്തുന്നില്ലെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു. എന്നാൽ ധ്രുവദീപ്തിയ്ക്കും വൈദ്യുതി, ആശയ വിനിമയ സംവിധാനങ്ങൾ എന്നിവയിൽ നേരിയ തടസം നേരിടാനും സാദ്ധ്യതയുണ്ട്. സൂര്യന്റെ കൊറോണയിൽ നിന്നുള്ള പ്ലാസ്മയും കാന്തിക മണ്ഡലവും ശക്തിയോടെ പുറന്തള്ളപ്പെടുന്ന പ്രതിഭാസമാണ് സൗരകൊടുങ്കാറ്റിന് വഴിവെയ്ക്കുന്നത്.

ഇത്തരം കൊടുങ്കാറ്റിന്റെ ഫലമായി വൈദ്യുതകാന്തിക മണ്ഡലത്തിന്റെ ഒരു പ്രവാഹം ഭൂമിയിലേയ്ക്ക് ശക്തമായി പതിക്കുന്നു. ഇത്തരത്തിൽ ഓഗസ്റ്റ് 30ന് സൂര്യനിലുണ്ടായ പ്രതിഭാസത്തിന്റെ പരിണിതഫലമാണ് ഞായറാഴ്ച ഭൂമിയിലേയ്ക്കടുക്കുക.സൗരകൊടുങ്കാറ്റിലടങ്ങിയിരിക്കുന്ന കണികകൾ ഭൂമിയുടെ അന്തരീക്ഷവുമായി സമ്പർക്കവുമായി വരുന്നതാണ് ധ്രുവമേഖലയിലെ വർണാഭ വിതറുന്ന ധ്രുവദീപ്തി എന്ന പ്രതിഭാസത്തിന് കാരണം. കൂടാതെ വൈദ്യുതി, ഇന്റർനെറ്റ് എന്നിവ നിലയ്ക്കുന്നതിന് കാരണമാകാം. സൗരകൊടുങ്കാറ്റിന്റെ ശക്തിയനുസരിച്ച് സാറ്റലൈറ്റുകളുടെ പ്രവർത്തനത്തെ ബാധിക്കാനും സാദ്ധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.