തിരുവനന്തപുരം: ഹ്രസ്വകാലത്തേക്ക് വൈദ്യുതി വാങ്ങാനുള്ള കരാറിൽ, ടെണ്ടറിൽ മുന്നോട്ട് വെച്ച തുക കുറക്കാമെന്ന് കെഎസ്ഇബിക്ക് കമ്പനികളുടെ ഉറപ്പ്. യൂണിറ്റിന് 6 രൂപ 88 പൈസ നിരക്കിൽ വൈദ്യുതി നൽകാമെന്നാണ് അദാനി പവർ കമ്പനിയും ഡി ബി പവർ കമ്പനിയും വാഗ്ദാനം ചെയ്തിട്ടുള്ളത്. എന്നാൽ, റദ്ദാക്കിയ കരാർ പ്രകാരമുള്ള തുകയെക്കാൾ ഉയർന്ന നിരക്കാണിത്.
രണ്ട് കമ്പനികൾ മാത്രമാണ് അഞ്ച് വർഷത്തേക്ക് 500 മെഗാവാട്ട് വാങ്ങാനുള്ള ടെണ്ടറിൽ പങ്കെടുത്തത്. അദാനി പവർ കമ്പനി യൂണിറ്റിന് 6 രൂപ 90 പൈസയും ഡി ബി 6 രൂപ 97 പൈസയുമാണ് മുന്നോട്ട് വെച്ചത്. റിവേഴ്‌സ് ബിഡ് ചർച്ചയിൽ കെഎസ്ഇബി ആവശ്യപ്പെട്ടത് അനുസരിച്ചാണ് രണ്ട് കമ്പനികളും 6.88 ആയി നിരക്ക് കുറച്ചത്.
അദാനി 303 മെഗാവാട്ടും ഡിബി 100 മെഗാവാട്ടും നൽകാമെന്നാണ് അറിയിച്ചത്. ഇനി റഗുലേറ്ററി കമ്മീഷനാണ് കരാറിൽ തീരുമാനമെടുക്കേണ്ടത്. ശരാശരി 9 രൂപ നിരക്കിലാണ് പ്രതിസന്ധി തീർക്കാൻ പ്രതിദിന പവർ എക്‌സേചേഞ്ചിൽ നിന്നും വൈദ്യുതി വാങ്ങുന്നത്. റദ്ദാക്കിയ കരാറിനെ അപേക്ഷിച്ച് പുതിയ തുക വളരെ കൂടുതലാണ്.

