ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ മത്സരങ്ങളുടെ സംപ്രേഷണാവകാശം സ്വന്തമാക്കി വയാകോം

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത 5 വർഷത്തേക്കുള്ള മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം സ്വന്തമാക്കി വയാകോം. ടെലിവിഷൻ, ഡിജിറ്റൽ സംപ്രേഷണാവകാശം ബി സി സി ഐ വയാകോമിന് വിറ്റഴിച്ചത് 5963 കോടി രൂപയ്ക്കാണ്. റിലയൻസിന്റെ നിയന്ത്രണത്തിലുള്ള വയാകോം18 സ്റ്റാർ ഇന്ത്യ, സോണി എന്നിവരെ മറികടന്നാണ് മത്സരങ്ങളുടെ ഡിജിറ്റൽ, ടെലിവിഷൻ സംപ്രേഷണ അവകാശം ഒന്നിച്ച് സ്വന്തമാക്കിയത്. 67.76 കോടി രൂപയാണ് ഈ കരാർ പ്രകാരം ബിസിസിഐക്ക് കിട്ടുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗ്, വനിത ഐപിഎൽ എന്നിവയുടെയും സംപ്രേക്ഷണാവകാശം നേരത്തെ തന്നെ വയാകോം സ്വന്തമാക്കിയിരുന്നു.

5 ടെസ്റ്റ്‌, 27 ഏകദിനം, 36 ട്വന്റി -20 എന്നിങ്ങനെ നിരവധി മത്സരങ്ങളാണ് അടുത്ത അഞ്ചുവർഷ കാലയളവിൽ ടീം ഇന്ത്യയ്ക്കുള്ളത്. സെപ്റ്റംബർ 22 ന് ആരംഭിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര മുതൽ പുതിയ കരാറിന് തുടക്കം കുറിക്കും. 6138 കോടിയ്ക്കായിരുന്നു 2018 ൽ ഡിസ്‌നി സ്റ്റാർ മത്സരങ്ങളുടെ സംപ്രേഷണാവകാശം ഏറ്റെടുത്തത്. എന്നാൽ പിന്നീടുള്ള 5 വർഷങ്ങളിൽ ഇന്ത്യയിൽ ഹോം മത്സരങ്ങൾ കുറഞ്ഞതോടെയാണ് കരാർ തുകയിൽ ഇടിവുണ്ടായത്.