ഇന്ത്യയിലെ യുവതലമുറയ്ക്ക് ഏത് മേഖലയും കീഴടക്കാനാകും; പ്രഗ്നാനന്ദയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: ചെസ് ലോകകപ്പിലെ വെള്ളി മെഡൽ ജേതാവായ യുവതാരം ആർ പ്രഗ്നാനന്ദയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രഗ്‌നാനന്ദ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത് രക്ഷിതാക്കളോടൊപ്പമാണ്. തന്റെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി സമയം ചിലവഴിക്കുന്നതിന്റെയും ലോകകപ്പ് നേട്ടമായ വെള്ളി മെഡൽ പരിശോധിക്കുന്നതിന്റെയും ചിത്രങ്ങൾ പ്രഗ്‌നാനന്ദ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഷെയർ ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു. പ്രധാനമന്ത്രിയും ഈ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയെ നേരിട്ട് കാണാനായത് ബഹുമതിയായി കണക്കാക്കുന്നുവെന്ന് പ്രഗ്‌നാനന്ദ പറഞ്ഞു. അദ്ദേഹത്തിന്റെ വിലപ്പെട്ട വാക്കുകൾക്ക് നന്ദി പറയുന്നതായും പ്രഗ്നനന്ദ വ്യക്തമാക്കി. ഇന്ത്യയിലെ യുവതലമുറയ്ക്ക് ഏത് മേഖലയും കീഴടക്കാനാകും എന്നതിന്റെ ഉദാഹരണമാണെന്ന് പ്രഗ്‌നാനന്ദയെ പ്രധാനമന്ത്രി വിശേഷിപ്പിച്ചു.